വടകര:(vatakara.truevisionnews.com) ചേവായൂർ ബാങ്ക് പ്രശ്‌നത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിൽ വടകരയിൽ കട അടപ്പിക്കാൻ നടത്തിയ ശ്രമം സംഘർഷത്തിനിടയാക്കി.
എടോടിയിൽ സൂപ്പർ മാർക്കറ്റും അഞ്ചുവിളക്ക് ജംഗ്ഷനുസമീപത്തെ ബേക്കറിയും അടപ്പിക്കാനുള്ള ശ്രമത്തെ വ്യാപാരികൾ ചോദ്യം ചെയ്തു.
ഇരുകൂട്ടരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. എടോടിയിലെ സൂപ്പർ മാർക്കറ്റ് അടപ്പിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല.
അഞ്ചുവിളക്കിനു സമീപത്തെ ബേക്കറിയുടെ ഷട്ടർ താഴ്ത്താൻ ഹർത്താൽ അനുകൂലികൾ ശ്രമിച്ചു. ഇതിനിടയിൽ പാർട്ടി പതാക കെട്ടാനും ശ്രമമുണ്ടായി.
സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച അവധിയായതിനാൽ നഗരത്തിൽ കടകൾ പൊതുവെ അടച്ചിട്ടിരിക്കുകയാണ്. ഇവക്കിടയിൽ തുറന്നവ അടപ്പിക്കാനാണ് കോൺഗ്രസ് ശ്രമം.
ഈ നടപടി ശരിയല്ലെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.അബ്ദുൾസലാം പറഞ്ഞു. ചേവായൂരിൽ കോൺഗ്രസുകാർ തമ്മിലടിച്ചതിന് നാട്ടുകാരും വ്യാപാരികളും എന്തുപിഴച്ചെന്ന് അബ്ദുൾസലാം ചോദിച്ചു.
ഇന്നലെ വൈകിയ വേളയിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിന്റെ പേരിൽ ആളുകളെ ദ്രോഹിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസ് ഇതിനു വലിയ വില നൽകേണ്ടിവരുമെന്നും സലാം പറഞ്ഞു.
#Attempt#close #shop #Tension #Vadakara