വടകര: (vatakara.truevisionnews.com) മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിൽ കോഴിക്കോട് മേഖലയിൽ സ്കൂൾ വിഭാഗത്തിൽ മേമുണ്ട എച്ച്എസ്എസ് ടീമും കോളേജ് വിഭാഗത്തിൽ മണാശ്ശേരി എംഎഎംഒ കോളേജ് ടീമും ജേതാക്കളായി.
കാരപ്പറമ്പ് ജിഎച്ച്എസ്എസിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളെ ഉൾപ്പെടുത്തി ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
സ്കൂൾ വിഭാഗത്തിൽ മേമുണ്ട എച്ച്എസ്എസിലെ ഭഗത് തെക്കേടത്ത്, ആർ യദുനന്ദ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. നന്മണ്ട എച്ച്എസ്എസിലെ ജെപി അദ്വൈത്, മൃണാൾ എസ് ജിത്ത് എന്നിവർ രണ്ടാം സ്ഥാനവും മേപ്പയിൽ ഗവൺമെൻറ് സാൻസ്ക്രിറ്റ് എച്ച്എസ്എസിലെ ദേവാംഗ് കൃഷ്ണ, ബിഎസ് അജാസ് കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോളേജ് വിഭാഗത്തിൽ മണാശ്ശേരി എംഎഎംഒ കോളേജിലെ മുഹമ്മദ് റാഷിദ്, കെ മുഹമ്മദ് ഷാനിദ് എന്നിവരുടെ ടീം ഒന്നാം സ്ഥാനവും സെൻറ് ജോസഫ് ദേവഗിരി കോളേജിലെ വിപി നിതിൻ രാജ്, ശ്രീധർ ജി ലാൽ ടീം രണ്ടാം സ്ഥാനവും മലപ്പുറം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സെന്ററിലെ മുഹമ്മദ് മുസ്തഫ, സി അനീസ് ഫയാസ് ടീം മൂന്നാം സ്ഥാനവും നേടി.
മേഖലാതലത്തിൽ വിജയിച്ച ടീമുകൾ സെമിഫൈനലിൽ മത്സരിക്കാനുള്ള അർഹതയാണ് നേടിയത്. സ്കൂൾ തലത്തിൽ 39 ടീമും കോളേജ് തലത്തിൽ 11 ടീമുമാണ് മേഖലാ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. നിയമസഭാ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി സി സുരേഷൻ ക്വിസ് നയിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ടി ഒ റെജി സന്നിഹിതയായി.
#Kerala #Legislature #International #Book #Festival #Memunda #Higher #Secondary #Winners #Regional #Quiz