വടകര:(vatakara.truevisionnews.com) അഴിയൂർ പൂഴിത്തല മൽസ്യ ഷെഡിന്റെ നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു.
2022 വർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തിൽ മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി ഈ പ്രവൃത്തിയാണ് കാണിച്ചിരുന്നത്. തുടർന്നാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. കടലിനെ ആശ്രയിച്ചു ദൈനം ദിന ജീവിതം നയിക്കുന്ന നിരവധി സാധാരണമനുഷ്യരുടെ വലിയ പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു.
കടലിൽ പോകുന്നവർക്ക് വല നെയ്യുന്നതിനും നെയ്തവല സുരക്ഷിതമായി സൂക്ഷിക്കുന്നതിനും അഴിയൂർ പൂഴിത്തലമേഖലയിൽ ഒരു സുരക്ഷിത കേന്ദ്രമില്ല എന്നത് വലിയ പ്രയാസമായി തുടരുകയാണ്.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന മൽസ്യ ബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും വിധം ലോക്കർ റൂമോടുകൂടിയ മൽസ്യ ഷെഡ്ഡാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കടൽ തീരത്തുള്ള റവന്യു പുറമ്പോക്ക് ഭൂമി ഇതിനായി ലഭ്യമാക്കുന്നതിനും തുടർന്ന് പദ്ധതിയുടെ ഭരണാനുമതി നേടിയെടുക്കുന്നതിനും നിരന്തരമായ ഇടപെടൽ വേണ്ടിവന്നതായും എം.എൽ.എ പറഞ്ഞു.
തുടർ നടപടികൾ പൂർത്തിയാക്കി വളരെ വേഗം തന്നെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.
#Construction #Puzhithala #fish #shed #Administrative #approval #work #one #half #crore #rupees #KKRamaMLA