വടകര : (vatakara.truevisionnews.com) ചോറോട് , വില്യാപ്പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിക്കൂട്ടവും തെരുവുനായ്ക്കളും നാട്ടുകാർക്ക് ഭീഷണിയാവുന്നു. കാൽനടയായും ഇരുചക്ര വാഹനങ്ങളിലും സഞ്ചരിക്കുന്നവർക്കാണ് അപകടം സംഭവിക്കുന്നത്.


കുരിക്കിലാടിനടുത്ത് അങ്ങാടിമലയിൽ കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വരികയായിരുന്ന കുഞ്ഞിനേയും അമ്മയേയും തെരുവുനായക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
കുഞ്ഞുമായി താഴേക്ക് എടുത്തു ചാടി രക്ഷപ്പെടുന്നതിനിടയിൽ അമ്മയുടെ കാലിൻ്റെ എല്ലുപൊട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലാണ്. മാസങ്ങൾക്ക് മുൻപ് ഇവിടെ എട്ടോളം പേരെ തെരുവുനായ്ക്കൾ കടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അംഗനവാടികളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണിത്. വിദ്യാർത്ഥികൾ ഭയത്തോടെ വന്നു പോകുന്ന സാഹചര്യമുള്ളത്.
അംഗനവാടികൾ, കുരിക്കിലാട് യു.പി സ്കൂൾ, ചേറോട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, ഗോകുലം പബ്ലിക് സ്കൂൾ, കോ-ഓപ്റേറ്റീവ് കോളേജ്, മേഴ്സി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് വന്നു പോകുന്നത്. രക്ഷിതാക്കളും ഭയത്തിലാണ്.
തൊട്ടടുത്ത പ്രദേശങ്ങളായ കുറിഞ്ഞാലിയോടും കൂട്ടങ്ങാരത്തുമെല്ലാം കാട്ടു പന്നികൾ സൗര്യ വിഹാരം നടത്തുന്നുണ്ട്. നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും അധികൃതരെ പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും നടപടി ഉണ്ടാവുന്നില്ല എന്ന ആക്ഷേപമുണ്ട്.
പെറ്റുപെരുകിയതാണ് തെരുവു നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണങ്ങൾക്ക് കാരണം. ഈ ഭാഗങ്ങളിൽ കണ്ടുവരുന്ന വലിയ കാട്ടുപന്നികളും കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്.
നായ്ക്കളെ പിടി കൂടി വന്ധ്യംകരണത്തിനുള്ള കുത്തിവയ്പ് നടത്താനും കാട്ടുപന്നികളെ വെടിവയ്ക്കാനുമുള്ള നടപടി സ്വീകരിക്കേണ്ടത് പ്രദേശിക ഭരണകൂടങ്ങളുടെ ചുമതലയിൽപെട്ടതാണ്.
തെരുവുനായക്കളുടെ പെറ്റുപെരുകൽ തടയാനുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) നടപ്പിലാക്കാനും പന്നികളെ വെടിവെക്കാനുള്ള ഉത്തരവ് പുറ പ്പെടുവിക്കാനുമുള്ള അധികാരം പഞ്ചായത്ത് ഭരണാധികാരികളിൽ നിക്ഷിപ്തമാണ്.
ജീവനും സ്വത്തിനും ഭീഷണിയാകും തരത്തിൽ പെറ്റുപെരുകുമ്പോഴും പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുന്നതിൽ ശക്തമായ പ്രതിഷേധത്തി നൊരുങ്ങുകയാണ് നാട്ടുകാർ.
#Wild #boar #stray #dogs #threat #Panchayath #authorities #without #taking #action