വടകര: മേമുണ്ട ഹയർസെക്കന്ററി സ്‌കൂൾ നീന്തൽക്കുളം കുറ്റ്യാടി മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ അക്വാറ്റിക് സെന്ററായി ഉയർത്തുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു.


മേമുണ്ട സ്‌കൂളിൽ മൂന്ന് കോടി രൂപ ചിലവിൽ നിർമിച്ച യുപി വിഭാഗം കെട്ടിടോദ്ഘാടന വേദിയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏത് പ്രായക്കാർക്കും ചെയ്യാവുന്ന വ്യായാമമാണ് നീന്തൽ. വിദേശരാജ്യങ്ങളിൽ വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസത്തിൽ നീന്തലിന് ഉള്ളത്.
പ്രത്യേകിച്ചും വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ. അതിനാൽ കുറ്റ്യാടി മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പഠിക്കാൻ കഴിയുന്ന രീതിയിൽ അക്വാറ്റിക് സെന്ററായി മേമുണ്ട സ്‌കൂൾ നീന്തൽ കുളത്തെ ടൂറിസം വകുപ്പ് കുറ്‌റ്യാടി എംഎൽഎയുടെ നേതൃത്വത്തിൽ മാറ്റിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. എല്ലാവരും മികവിലേക്ക് 'റീഡ് ആർട്ട്' എന്ന മേമുണ്ട സ്‌കൂൾ വ്യത്യസ്തമാർന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. കെട്ടിടം നിർമ്മിച്ച യുഎൽസിസിഎസിന് ഉപഹാര സമർപ്പണം മന്ത്രി നടത്തി.
ചടങ്ങിൽ മേമുണ്ട സ്കൂളിന്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ് ബറോഡ നൽകുന്ന 3 ലക്ഷം രൂപയുടെ ചെക്ക് ഡെപ്യൂട്ടി റീജിയണൽ മാനേജർ ബി. സുരേഷ് ബാബുവും വടകര ബ്രാഞ്ച് മാനേജർ ഐശ്വര്യയും ചേർന്ന് സ്കൂൾ അധികൃതർക്ക് കൈമാറി. സ്‌കൂൾ പ്രിൻസിപ്പാൾ ബി.ബീന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിഭകളായ വിദ്യാർഥികൾക്ക് സമ്മാനദാനവും നടത്തി.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, വാർഡ് മെമ്പർ കെ.കെ സിമി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബീഷ്, പഞ്ചായത്തംഗം എൻ.ബി പ്രകാശൻ, തോടന്നൂർ എഇഒ എം.വിനോദ്, പിടിഎ പ്രസിഡന്റ് ഡോ. എം.വി തോമസ്, ഹെഡ്മാസ്റ്റർ പി.കെ ജിതേഷ്, വി.എം സുരേന്ദ്രൻ, ആർ.ബാലറാം, പി.പി പ്രഭാകരൻ, ഇ. നാരായണൻ, ടി.പി ഗോപാലൻ, വിനോദ് ചെറിയത്ത്, പാപശൻമാർ, മച്ചിൽ മജീദ്, പി.പി മുരളി, ടി.മോഹൻദാസ്, ടി.പി രജുലാൽ എന്നിവർ ആശംസകൾ നേർന്നു.
മാനേജർ എ നാരായണൻ സ്വാഗതവും എൻ.നിധിൻ നന്ദിയും പറഞ്ഞു. വൈകുന്നേരം പ്രതിഭാസംഗമം പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു
#Swimming #combat #addiction #Memunda #School #pool #upgraded #aquatic #center #PAMuhammadRiyaz