വടകര: പട്ടികജാതി-വർഗ വിഭാഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നതായി പട്ടികജാതിവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു.


കേരളത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ സർവ മേഖലകളിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്നും പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വടകര പുതുപ്പണത്ത് നിർമ്മിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ വടക്കെ ഇന്ത്യയെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നായി 824 വിദ്യാർഥികളാണ് ഇന്ത്യക്ക് പുറത്ത് പഠിക്കുന്നത്.
ഇതിൽ 56 പേർക്ക് പ്ലേസ്മെന്റ് ലഭിച്ചു. പ്രീമെട്രിക് ഹോസ്റ്റൽ പോലുള്ള സൗകര്യങ്ങൾ ഈ വിഭാഗത്തിലെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും കുട്ടികളുടെ എണ്ണക്കുറവ് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായി.
വടകര മുനിസിപ്പൽ വൈസ് പ്രസിഡന്റ് പി.കെ സതീഷൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ, നഗരസഭ കൗൺസിലർമാർ, പട്ടിക വർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എസ് ശ്രീരേഖ, എഡിഎം സി.മുഹമ്മദ് റഫീഖ്, പട്ടികവർഗ വികസന ഓഫീസർ എ.ബി ശ്രീജാകുമാരി, പട്ടികവർഗ വികസന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
#Government #emphasizes #higher #education #Scheduled #Castes #Tribes #ORKelu