---
title: "എം.എല്‍.എ ഇടപെട്ടു; ദേശീയപാത സോയില്‍നെയിലിംങ് പ്രവൃത്തി തടഞ്ഞു"
english_title: "MLA intervenes National Highway soil nailing work stopped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296779/mla-intervenes-national-highway-soil-nailing-work-stopped"
published_at: "2025-06-17T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685169a5d4f03_mla.jpg"
keywords: []
---

# എം.എല്‍.എ ഇടപെട്ടു; ദേശീയപാത സോയില്‍നെയിലിംങ് പ്രവൃത്തി തടഞ്ഞു

> **Lead Summary:** **വടകര: **മേഖലയില്‍ ദേശീയപാത നിര്‍മാണത്തില്‍ സോയില്‍ നെയിലിംങ് പ്രവൃത്തിക്കെതിരെ വ്യാപക പരാതികള്‍ ഉയരുമ്പോഴും നിര്‍മാണകമ്പനി ഇതേ നിര്‍മാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

## Article Content

**വടകര: **മേഖലയില്‍ ദേശീയപാത നിര്‍മാണത്തില്‍ സോയില്‍ നെയിലിംങ് പ്രവൃത്തിക്കെതിരെ വ്യാപക പരാതികള്‍ ഉയരുമ്പോഴും നിര്‍മാണകമ്പനി ഇതേ നിര്‍മാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

പഴങ്കാവ്, പാലയാട്ട് നട മേഖലകളില്‍ ദേശീയപാത മണ്ണെടുത്ത് താഴ്ത്തിയ സ്ഥലത്ത് സോയില്‍നെയിലിംങ് അനുവദിക്കില്ലെന്ന് പ്രദേശവാസികളും ജനപ്രതിനിധികളുമടക്കം പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ ഇതേ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുവന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു.

ദേശീയപാത അതോറിറ്റിക്കും കേന്ദ്ര ഗതാഗതവകുപ്പു മന്ത്രിക്കും മേഖലയിലെ ആശങ്കകള്‍ വിവരിച്ച് കത്തയച്ചതായും ഇതില്‍ നടപടി വരുന്നതിനുമുന്‍പ് സോയില്‍ നെയിലിങ്ങുമായി മുന്നോട്ട് പോകുന്ന നടപടി പ്രതിഷേധാർഹമാണെന്നും എം.എല്‍.എ പറഞ്ഞു. പാതയ്ക്ക് ഇരുവശവും ഉയര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മഴപെയ്തതോടെ ആശങ്കയിലാണ്. ഇവരുടെ വീടും സ്ഥലവും കിണറുമെല്ലാം ഇടിഞ്ഞുതാഴുന്ന അവസ്ഥയിലാണ്.

ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പ്രവൃത്തി ചെയ്യാതെ നിര്‍മാണപ്രവര്‍ത്തനം തുടരുന്നത് വലിയ അപകടമാണ് ഭാവിയിൽ വിളിച്ചു വരുത്തുക എന്ന് എം.എല്‍.എ മുന്നറിയിപ്പ് നൽകി. പലയാട്ട് നടയിൽ നേരത്തെ സോയിൽ നെയിലിംങ് നടത്തിയ പല ഇടങ്ങളിലും ഈ മഴയിൽ മണ്ണിടിഞ്ഞിരിക്കുകയാണ്.കഴിഞ്ഞ തവണ മഞ്ഞിടിഞ്ഞ ബാബുവിന്റെ വീടിനോട് ചേർന്ന് ഈ മഴയ്ക്കും മണ്ണിടിഞ്ഞു. ആ വീടും ഇപ്പോൾ അപകടഭീഷണി നേരിടുകയാണ്.

വി.കെ പ്രേമൻ, സുനിൽ കുമാർ.കെ, ഇ.കെ വത്സരാജ്, സിദ്ദിഖ്, എൻ. കെ രവീന്ദ്രൻ, ശ്രീലേഷ്. ടിപി എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296779/mla-intervenes-national-highway-soil-nailing-work-stopped)