ചോറോട് : (vatakara.truevisionnews.com) ചോറോട് ഈസ്റ്റിലെ മഠത്തിൽ മുക്ക് മുതൽ രാമത്ത് മുക്ക് വരെയുള്ള പ്രദേശത്ത് മഴക്കാലത്ത് ഉണ്ടാവുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി നിർമ്മിക്കുന്ന തോടിൻ്റെ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണമെന്ന് ചോറോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.


ചോറോട് ഈസ്റ്റിലെ വെള്ളക്കെട്ടിന് ഈ വർഷവും പരിഹാരമില്ലാത്ത സാഹചര്യമാണ് ഉള്ളത്. ഇതിനായി പഞ്ചായത്ത് 36 ലക്ഷം രൂപ പാസാക്കിയിട്ടുണ്ട് എന്നുള്ള ഫ്ലക്സ് ബോർഡ് വെച്ചിട്ട് മാസങ്ങളോളമായിട്ടും ഇതുവരെ ഇതിനുള്ള പ്രാരംഭപ്രവർത്തനം പോലും ആരംഭിച്ചിട്ടില്ല. വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവരുടെയും തോട് നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകേണ്ടവരുടെയും ഒരു യോഗം പോലും വിളിച്ചിട്ടില്ല.
ഫ്ലക്സ് ബോർഡ് വെച്ച് പ്രദേശവാസികളെ കബളിപ്പിക്കുന്ന നടപടിയാണ് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇവിടെ മഴക്കാലത്ത് വീടിനുള്ളിലേക്ക് വരെ വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
മഴക്കാലത്തിന് മുൻപ് തോട് നിർമ്മാണം ആരംഭിച്ച് ജനങ്ങളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി അറിയിച്ചു.മണ്ഡലം പ്രസിഡന്റ് അഡ്വ : പി.ടി. കെ നജ്‌മൽ അധ്യക്ഷത വഹിച്ചു
Chorode Mandal Congress Committee demanded construction work canal Chorode East begin immediately