ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം ആഹ്ലാദാരവത്തിൽ വടകര പാർലമെൻ്റ് അംഗം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.


പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് മുത്തു കുടകളുടെയും ശിങ്കാരിമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് നാട്ടുകാരുടെയും അകമ്പടിയോടെ എം.പിയെ ആശുപത്രിക്ക് സമീപം സജ്ജമാക്കിയ വേദിയിലേക്ക് ആനയിച്ചു. നാടിനു ഉത്സവമായി മാറിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ് അധ്യക്ഷനായി.
ദേശീയ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ചാണ് കെട്ടിട നിർമ്മാണം നടത്തുന്നത്. മുൻ എം.പി. കെ. മുരളീധരന്റെ ശ്രമഫലമായാണ് ആയഞ്ചേരി പഞ്ചായത്തിന് ഫണ്ട് അനുവദിച്ചു കിട്ടിയത്. കൂടുതൽ ഒ.പി. മുറികൾ, വിശാലമായ കാത്തിരിപ്പ്, വിശ്രമഹാളുകൾ, നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ലാബ് പരിശോധന സൗകര്യങ്ങൾ, ബൃഹത്തായ ഫാർമസി തുടങ്ങിയവ പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കുന്നുണ്ട്. 300 ഓളം രോഗികൾ ദിനേന വരുന്ന ആശുപത്രിയിൽ കെട്ടിടം പണി പൂർത്തിയാവുന്നതോടെ രോഗികൾക്കും ജീവനക്കാർക്കും കൂടുതൽ ആശ്വാസകരമാവും.
പരിപാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുല്ല മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ബ്ലോക്ക് മെംബർ സി.എച്ച്. മൊയ്തു, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, ടി.കെ. ഹാരിസ്, എ. സുരേന്ദ്രൻ, എം.വി. ഷൈബ, സി.എം. നജുമുന്നിസ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കണ്ണോത്ത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, പുത്തൂർ ശ്രീവത്സൻ, മൻസൂർ ഇടവലത്ത്, എം. ഇബ്രാഹിം, ഒ. റഷീദ് എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സരള കൊള്ളിക്കാവിൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ നന്ദിയും പറഞ്ഞു.
അഞ്ച് വർഷം മുമ്പ് പണി പൂർത്തിയായ തുലാറ്റുനടയിലുള്ള ഗെയിൽ എസ് വി സെവൻ സ്റ്റേഷനിൽ നിന്ന് പഞ്ചായത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പാചകവാതക കണക്ഷൻ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡൻ്റ് എം.പിക്ക് നിവേദനം നൽകി. ചടങ്ങിൽ പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തകനായ അബ്ദുല്ല കടമേരിയെ ഷാഫി പറമ്പിൽ ഷാൾ അണിയിച്ചു ആദരിച്ചു.
Foundation stone laid Ayanchery family health center