Aug 7, 2022 11:14 AM

വടകര: പൊലീസിനെതിരെയുള്ള കേസിൽ ഒരു മാതൃകാന്വേഷണം.സംസ്ഥാന സർക്കാർ ഇടപെടലിൽ സജീവൻ്റെ കുടുംബം നീതിയുടെ അരികിൽ. വടകര പോലീസ് കസ്റ്റഡിയിലെടുത്ത കല്ലേരിയിലെതാഴെ കൊയിലോത്ത് സജീവൻ (42) പോലീസ് കസ്റ്റഡിയിൽനിന്ന് ഇറങ്ങിയ ഉടൻ സ്റ്റേഷൻവളപ്പിൽ കുഴഞ്ഞുവീണുമരിച്ച സംഭവം കേസ് അന്വേഷണം വഴിത്തിരിവിലേക്ക്. സംഭവത്തിൽ എസ്.ഐ. എം. നിജീഷിനും സിവിൽ പോലീസ് ഓഫീസർ പ്രജീഷിനും എതിരേ മനഃപൂർവമല്ലാത്ത നരഹത്യ, കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കൽ, തടഞ്ഞുനിർത്തൽ തുടങ്ങിയ വകുപ്പുകൾപ്രകാരം കേസെടുത്തു.

ജൂലായ് 21-ന് രാത്രി കസ്റ്റഡിയിലെടുക്കപ്പെട്ട സജീവൻ 22-ന് പുലർച്ചെയാണ് മരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘം കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ അസ്വാഭാവികമരണത്തിനായിരുന്നു കേസ്. സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മർദ്ദനം നടന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

മരണകാരണം ഹൃദയാഘാതമാണ്. എന്നാൽ, അതിലേക്ക് നയിച്ചത് പെട്ടെന്നുണ്ടായ വൈകാരികമായ മാറ്റമാണെന്നും ഇതിന് വഴിയൊരുക്കിയത് മർദ്ദനമാണെന്നുമാണ് വിലയിരുത്തൽ. മൊത്തം 11 പാടുകൾ സജീവന്റെ ശരീരത്തിലുണ്ട്. ഇതിൽ എട്ട് പരിക്കുകൾ മർദനത്തെത്തുടർന്ന് ഉണ്ടായതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പത്തെ 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണ് ഈ പരിക്കുകളെന്നും മൊഴി ലഭിച്ചു. മർദനത്തിൽ സജീവന്റെ ഒരു പല്ല് ഇളകിയിട്ടുണ്ട്. സജീവനെ പോലീസുകാർ അടിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജുബൈറിന്റെ മൊഴിയുണ്ട്.

ബഹളം കേട്ടതായ മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചു. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റും ഡോക്ടറുടെ മൊഴിയുമാണ് ക്രൈംബ്രാഞ്ച് പ്രധാനതെളിവായി സ്വീകരിച്ചിരിക്കുന്നത്. മൊത്തം 65 പേരിൽനിന്നും മൊഴിയെടുത്തു. 12 ശാസ്ത്രീയതെളിവുകൾ ശേഖരിച്ചു. ശനിയാഴ്ച രാവിലെയാണ് പുതിയ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ. കോടതിയിൽ സമർപ്പിച്ചത്.

വടകര ആർ.ഡി.ഒ.യ്ക്കും റിപ്പോർട്ട് നൽകി. കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ സസ്പെൻഷനിൽ കഴിയുന്ന എസ്.ഐ. നിജീഷ്, പ്രജീഷ് എന്നിവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. സജീവന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവരെ കിട്ടിയിട്ടില്ല. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായിരുന്നില്ല.

സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എസ്.പി. ടി. മൊയ്തീൻകോയയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ടി. സജീവനാണ് കേസ് അന്വേഷിച്ചത്. എസ്.ഐ. ഉൾപ്പെടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലുപേർ സസ്പെൻഷനിലാണ്. സംഭവത്തിനുപിന്നാലെ വടകര സ്റ്റേഷനിലെ എല്ലാ പോലീസുകാരെയും സ്ഥലംമാറ്റിയിരുന്നു.

Homicide is not intentional; There are eight marks on the body of the activist

Next TV

Top Stories