അഴിയൂര്‍: വര്‍ഷങ്ങളായി ഒന്ന് കൈവീശി നടക്കാന്‍ കഴിയാതെ ദുരിതം പേറുന്ന വഴി സ്ഥലം വടകര ആര്‍ഡിഒ ബിജു നേരിട്ട് സന്ദര്‍ശിച്ചു. അഴിയൂര്‍ പഞ്ചായത്ത് 16ആം വാര്‍ഡിലെ പഴയ ഹൈവെ പുത്തന്‍വളപ്പ് പ്രദേശത്തെ നാല്പത് മീറ്ററോളം വരുന്ന രണ്ടടി വഴിയില്‍ പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് ആര്‍ഡിഒ എത്തിയത്.


വാര്‍ഡ് മെമ്പര്‍ സാലിം പുനത്തിലും വൃദ്ധരും രോഗികളും ശാരീരികമാനസിക അവശതയുള്ള കുട്ടിയുടെ മാതാവും ഉള്‍പ്പെടുന്ന പ്രദേശവാസികളും ആര്‍ഡിഒ യോട് ദുരിതങ്ങള്‍ വിവരിച്ചു. 1984ലെ വഴിത്തര്‍ക്കം പരിഹരിക്കുന്നതില്‍ സംഭവിച്ച വീഴ്ചയായിരുന്നു വര്‍ഷങ്ങള്‍ നീണ്ട ദുരിതത്തിലേക്ക് നയിച്ചത്. നിയമപരമായി ലഭിക്കേണ്ട മൂന്നടി വഴി പ്രദേശവാസികള്‍ക്ക് ലഭിച്ചില്ല.
സമീപത്തെ രണ്ട് വീട്ടുകാരും നാലടി കരിങ്കല്‍ മതില്‍ കെട്ടിയതോടെ കൈവീശി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. ഒരാള്‍ വഴി പോകുമ്പോള്‍ മറ്റൊരാള്‍ മറുതലക്കല്‍ നില്‍ക്കേണ്ട അവസ്ഥയുമായി. സ്ഥിരമായി ചികിത്സ ആവശ്യമുള്ള ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ചികിത്സയ്ക്കായി തോളിലേറ്റി കൊണ്ടു പോവുന്നത് ഇവിടുത്തെ നോവുന്ന കാഴ്ചയായിരുന്നു.
മുപ്പത് വര്‍ഷം നീണ്ട വിഷയത്തില്‍ പല തവണയായി പലരും ഇടപെട്ട് സംസാരിച്ചെങ്കിലും പ്രശ്‌ന പരിഹാരം സാധിച്ചില്ല. വിശദമായ പരിശോധന നടത്തിയ ആര്‍ഡിഒ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കി. അഴിയൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ പ്രമോദ്, പഞ്ചായത്ത് പ്രതിനിധി അമല്‍ എന്നിവരും മുന്‍ വാര്‍ഡ് മെമ്പര്‍മാരും സന്നിഹിതരായിരുന്നു.
a narrow way in azhiyoor grama panchayath