അഴിയൂർ: സ്കൂൾ വിദ്യാർത്ഥിനിയെ മയക്കു മരുന്നിന് അടിമപ്പെടുത്തിയ സംഭവം.അഴിയൂരിൽ സർവ്വകക്ഷി യോഗം ചേർന്നു.യോഗത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. മയക്കു ലോബിക്കെതിരെ സമഗ്രാന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
നമ്മുടെ ഭാവി തലമുറ ലഹരിയുടേയും മറ്റ് അസാന്മാർഗീക പ്രവർണതയിലേക്കും വഴുതി വീഴാതിരിക്കാൻ കക്ഷി രാഷ്ടീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്നും ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്താൻ നമ്മളോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും യോഗം വിലയിരുത്തി.
ലഹരി കേസിലെ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ ചോമ്പാല പോലീസ് ജാഗ്രതക്കുറവ് കാണിച്ചതായി യോഗത്തിൽ സംസാരിച്ച മിക്കവരും ചൂണ്ടിക്കാട്ടി.അഴിയൂരിലെ ലഹരി വ്യാപനം പൂർണ്ണമായും ഇല്ലാതാക്കുമെന്നും അഴിയൂരിലെ സ്കൂളുകളിൽ എക്സൈസ് വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണം ഉണ്ടാവുമെന്നും അഴിയൂരിലെ സംഭവത്തിലെ യഥാർത്ഥ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും എക്സൈസ് അസി:കമ്മീഷണർ വൈ.ഷിബു ഉറപ്പു നൽകി.
എല്ലാ കുട്ടികൾക്കും കൗൺസിലിംഗ് നടത്തുമെന്നും അടുത്ത പ്രദേശമായ മാഹി പോലീസുമായി ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗത്തിന് ഇരയായ കുട്ടിയുടെ മൊഴി പോലീസും സ്കൂൾ അധികൃതരും വേണ്ട വിധത്തിൽ ഗൗരവത്തിലെടുത്തില്ലെന്നും പോലീസിന്റെ ഭാഗത്ത് ഈ വിഷയത്തിൽ വലിയ പോരായ്മകൾ ഉണ്ടായെന്നും യോഗത്തിൽ മിക്കവരും ആരോപിച്ചു.
യോഗത്തിനിടയിൽ വാക്ക് തർക്കത്തെ തുടർന്ന് അൽപ്പനേരം മുടങ്ങി. ഒരേ രാഷ്ടീയ പാർട്ടിയിലെ കൂടുതൽ പേർ ചർച്ചയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട വാക് തർക്കം അല്പനേരം യോഗം തടസ്സപ്പെടാനും ബഹളത്തിൽ മുങ്ങുകയും ചെയ്തു. ചോമ്പാല പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി വീണ്ടും യോഗം തുടർന്നു.
അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.പി.പി.നിഷ, കോട്ടയിൽ രാധാകൃഷ്ണൻ, സീനത്ത് ബഷീർ, എ.ടി.ശ്രീധരൻ, കെ.വി.രാജൻ മാസ്റ്റർ, പ്രദീപ് ചോമ്പാല, സാലിം പുനത്തിൽ, കെ.അൻവർ ഹാജി, കെ.പി.പ്രമോദ്, പി.വി.സുബീഷ്, കെ.പി.വിജയൻ, ഷുഹൈബ് അഴിയൂർ കെ.പി.പ്രീജിത്ത് കുമാർ സംസാരിച്ചു.
Criticism of Police; Massive protest in all-party meeting