Feb 2, 2023 05:07 PM

വടകര: അഴിയൂർ കോറോത്ത് റോഡ് മേഖലയിൽ ബ്ലേഡ് മാഫിയ പിടിമുറുക്കുകയാണ്. പല കുടുംബങ്ങളും ഭൂമിയും വീടും അടക്കം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം സംഘത്തിനെതിരെ ശക്തമായ നിയമനടപടിയെടുക്കാൻ അധികാരികൾ തയാറാകണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

കൊള്ള പലിശയീടാക്കുന്ന സംഘങ്ങൾ മുതലിന്റെ പത്തും ഇരുപതും ഇരട്ടി പലിശ വാങ്ങിയിട്ടും കൂടാതെ സ്വത്തുക്കൾ എഴുതിവാങ്ങുകയാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനത്തിലാണ് ഇത്തരം സംഘങ്ങൾ പ്രദേശത്ത് പിടിമുറുക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പലിശക്കാരുടെ ക്രൂരത കാരണം വീടുപോലും നഷ്ടമാകുന്ന അവസ്ഥയിലെത്തിയ ഒരു കുടുംബത്തെ സന്ദർശിച്ചു.

കഴിഞ്ഞ ആറുവർഷത്തിനിടയിൽ മൂന്നു കോടിയോളം രൂപയാണ് ഈ കുടുംബത്തിന് നഷ്ടമായത്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ പലിശ സംഘങ്ങൾ കയറി ബഹളമുണ്ടാക്കുന്നതും പതിവായിരുന്നു. തുടർന്ന് റൂറൽ എസ്.പിയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചോമ്പാൽ പൊലിസ് ഇടപെട്ടതോടെയാണ് വീട്ടിലെത്തി ബഹളം വെക്കുന്നത് സംഘം നിർത്തിയത്.

എങ്കിലും ഏതുസമയവും പലിശ സംഘത്തിന്റെ ഇടപെടൽ ഭയന്നാണ് ഈ കുടുംബം കഴിയുന്നത്. തൊട്ട് അടുത്തുതന്നെ പലിശ കെണിയിൽപെട്ട് വീട് നഷ്ടമായ നിരവധി പേരുണ്ടെന്നാണ് നാട്ടുകാരിൽനിന്നും അറിയുന്നത്. ഇത്തരം പലിശ സംഘങ്ങൾക്കെതിരെ കൃത്യമായ നടപടിയെടുക്കാൻ സർക്കാരും പൊലിസും തയ്യാറാകണം. സമൂഹത്തിൽ ഇത്തരക്കാർ ഉണ്ടാക്കുന്ന ദുരന്തങ്ങൾ പലയിടത്തും കണ്ടതാണ്. കൊള്ളപലിശക്കാരം നിലക്കുനിർത്തിയില്ലെങ്കിൽ നമ്മുടെ പ്രദേശത്തും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമെന്നും എം.എൽ.എ വ്യക്തമാക്കി.

Blade Mafia takes hold in Azhiyur; KK Rama MLA wants urgent action

Next TV

Top Stories