അഴിയൂര്‍ -മാഹി ബൈപ്പാസ് ; മാര്‍ക്കറ്റ് വില നല്‍കാതെ ഭൂമി വിട്ടു തരില്ലെന്ന് കര്‍മ്മ സമിതി..ഭൂമിയേറ്റെടുക്കല്‍ അനിശ്ചിത്വത്തിലേക്ക്

By news desk | Thursday May 17th, 2018

SHARE NEWS

വടകര: നിര്‍ദ്ദിഷ്ട അഴിയൂര്‍ മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ റവന്യു വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് കര്‍മ്മ സമിതി നേതാക്കളും, പ്രവര്‍ത്തകരും ഇറങ്ങിപ്പോയി.

ബുധനാഴ്ച്ച വടകര ലാന്റ് അക്യുസിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടറും, സ്ഥലം എം എല്‍ എ സി. കെ. നാണുവും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ സ്ഥലവും, വീടും നഷ്ടപ്പെടുന്നവര്‍ക്കാണ് യോഗത്തിന് അറിയിപ്പ് നല്‍കിയത്.

യോഗത്തില്‍ എം എല്‍ എയും, കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് കുടിയൊഴിപ്പിക്കുന്നവരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ യോഗത്തിനെത്തിയപ്പോഴാണ് ഇവരാരും പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞത്.

തുടര്‍ന്ന് ലാന്റ് അക്യുസിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും, കര്‍മ്മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏതാനും സമയം വാക്കേറ്റം നടന്നു.

യോഗം പ്രഹസനമാക്കി മാറ്റിയതായും, മാര്‍ക്കറ്റ് വിലയും, പുരധിവാസവും ഉറപ്പാക്കാതെ ഒരുകാരണവശാലും വീടും, സ്ഥലവും വിട്ടുതരില്ലെന്ന് ബൈപ്പാസ് കര്‍മ്മസമിതി നേതാക്കളായ ആയിഷ ഉമ്മര്‍,രാജേഷ് അഴിയൂര്‍, കെ പി ഫര്‍സല്‍, എം റാസിഖ് എന്നിവര്‍ പറഞ്ഞു.
തഹസില്‍ദാര്‍ ടി കെ സതീഷ് കുമാര്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ് എന്നിവരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥസംഘം അഴിയൂര്‍ ബൈപ്പാസില്‍ സ്ഥലവും, വീടും നഷ്ടപ്പെടുന്നവരുടെ വീടുകള്‍ കയറി ഭീഷണി മുഴക്കിയതായി വ്യാപക പരാതിയുയര്‍ന്നതിനാലാണ് യോഗം വിളിച്ചുകൂട്ടിയത്.

സമരം ശക്തമാക്കുമെന്ന് കര്‍മ്മസമിതി നേതാക്കള്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി കലക്ടരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് കര്‍മ്മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി കെ നാണു അധ്യക്ഷത വഹിച്ചു. എ ടി മഹേഷ്, പ്രദീപ് ചോമ്പാല, പി കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read