മുട്ടുങ്ങല്‍- നാദാപുരം റോഡ് നവീകരണം ഉടന്‍ ; സ്ഥലമെടുപ്പ് നടപടികള്‍ വിഷുവിന് ശേഷം

By | Wednesday April 11th, 2018

SHARE NEWS

വടകര: മുട്ടുങ്ങല്‍- നാദാപുരം റോഡ് നവീകരണത്തിന്
പൊതുമരാമത്ത് വകുപ്പ് 41 കോടി രൂപ അനുവദിച്ചു. കരാര്‍ നല്‍കിയ പാത 15 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും മരാമത്ത് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇരുപത് മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുന്നതിനുള്ള അളവെടുപ്പും മാര്‍ക്ക് ചെയ്യലും നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

ഒഞ്ചിയം, ഏറാമല, എടച്ചേരി, പുറമേരി പഞ്ചായത്തുകളില്‍ മാര്‍ക്ക് ചെയ്യല്‍ പൂര്‍ത്തീകരിച്ചിരിക്കേ അവശേഷിക്കുന്ന നാദാപുരം പഞ്ചായത്തിലെ അളവെടുപ്പും മാര്‍ക്ക് ചെയ്യലും വൈകാതെ പൂര്‍ത്തീകരിക്കും.

ഏറ്റവും ഇടുങ്ങിയ ഭാഗങ്ങളുള്ള ഓര്‍ക്കാട്ടേരി ടൗണ്‍ ഉള്‍പ്പെടെ വികസിപ്പിക്കും. വടകര ഭാഗത്തു നിന്ന് വയനാട്ടിലേക്കും ബെഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും ബസ് സര്‍വീസുള്ള ഈ റൂട്ടില്‍ എസി ബസുകളുള്‍പ്പെടെയുള്ള സര്‍വീസുകള്‍ സാധ്യമാകാത്തതിനു മുഖ്യ കാരണം റോഡിന്റെ വീതിയില്ലായ്മയാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത റോഡ് പണി തുടങ്ങുന്നതിനു മുന്നോടിയായി വിവിധ പഞ്ചായത്ത് തലങ്ങളില്‍ വിഷു കഴിഞ്ഞു ബന്ധപ്പെട്ടവരുടെ യോഗം ചേരും.

പുറമേരിയില്‍ 17നും ഏറാമലയില്‍ 18നും നാദാപുരത്ത് 19നും എടച്ചേരിയില്‍ 23 നും ചേരുന്ന യോഗങ്ങളില്‍ സ്ഥലമെടുപ്പ് നടപടികള്‍ അന്തിമമായി തീരുമാനിക്കും.

ഇ.കെ. വിജയന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ. നാണു എംഎല്‍എ, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം അഹമദ് പുന്നക്കല്‍, മറ്റു ജനപ്രതിനിധികളായ എം.കെ. സഫീറ, പ്രസീത കല്ലുള്ളതില്‍, പി.കെ. കുഞ്ഞിക്കണ്ണന്‍, എഎക്‌സ്ഇ ജി. ബാബു, എഇമാരായ സി. ബാബു, കെ.കെ. ഷിരാജ്, ഓവര്‍സിയര്‍ രാജേഷ്, യുഎല്‍സിസി വൈസ് പ്രസിഡന്റ് വി.കെ. അനന്തന്‍, ടി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read