നീപ്പാ ആശങ്ക വിട്ടുമാറാതെ സൂപ്പിക്കട നിവാസികള്‍ എട്ടു പേര്‍ ഗുരുതരാവസ്ഥയില്‍

By news desk | Monday May 21st, 2018

SHARE NEWS

പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്നുപേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ പനിബാധിച്ചു മരിച്ച സാഹചര്യത്തില്‍ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കട നിവാസികള്‍ പനിപ്പേടിയില്‍. പനിബാധിതരെ പരിചരിച്ച നഴ്‌സും മരണത്തിന് കീഴടങ്ങി.

എട്ടുപേര്‍ പനിയെത്തുടര്‍ന്ന് കോഴിക്കോട്ടും എറണാകുളത്തും ആശുപത്രികളില്‍ തീവ്രപരിചരണ വാര്‍ഡില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
ആദ്യമായി പ്രദേശത്തെത്തിയ അപൂര്‍വരോഗത്തെ എങ്ങനെ നേരിടണമെന്നറിയാത്ത ആശങ്ക, മരണം സംഭവിച്ച ശേഷം വീട്ടില്‍നിന്ന് മാറി നില്‍ക്കുന്ന കുടുംബങ്ങള്‍…

മുമ്പെങ്ങുമില്ലാത്ത അനുഭവമാണ് പന്തിരിക്കര സൂപ്പിക്കട നിവാസികളുടെ മുന്നില്‍. ഒടുവില്‍ അവരുടെ മുന്നിലേക്ക് ഞായറാഴ്ച നിപാ വൈറസാണെന്ന സ്ഥിരീകരണവും വന്നു.

തുടര്‍ച്ചയായി ഉണ്ടായ മൂന്ന് മരണങ്ങളുടെ ആഘാതത്തില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. മേയ് അഞ്ചിന് വളച്ചുകെട്ടി സാബിത്തിന്റെ മരണം ഉണ്ടായ സമയത്ത് ആരും വലിയ കാര്യമാക്കിയിരുന്നില്ല.

18ന് സഹോദരന്‍ മുഹമ്മദ് സാലിഹ് മരിച്ചതോടെയാണ് പ്രതീക്ഷിക്കാത്ത എന്തോ ഉണ്ടെന്ന് നാട്ടുകാരും ആരോഗ്യ വിഭാഗവും സംശയിച്ച് തുടങ്ങിയത്. അടുത്ത ദിവസംതന്നെ സാലിഹിന്റെ പിതൃസഹോദരന്റെ ഭാര്യയുടെ മരണ വിവരവുമെത്തി.

മരണാനന്തര ചടങ്ങുകള്‍ വേഗത്തില്‍ തന്നെ നടത്താന്‍ നിര്‍ദേശം എത്തിയതോടെ ഉറ്റവരെ അവസാനമായി കാണാന്‍ പോലുമാകാത്തവര്‍ സങ്കടം അടക്കി. മരണം സംഭവിച്ച മുഹമ്മദ് സാലിഹിന്റെയും മറിയത്തിന്റെയും വീട് അടഞ്ഞുകിടക്കുകയാണ്.
സാലിഹിന്റെ ഉമ്മയും സഹോദരനും ബന്ധുവീട്ടിലാണുള്ളത്. മറിയത്തിന്റെ ഭര്‍ത്താവ് മൊയ്തു ഹാജിയും ബന്ധുവീട്ടിലേക്ക് മാറിയിരിക്കുന്നു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുമ്പോഴും ആരും നിര്‍ബന്ധിക്കാതെതന്നെ വീടൊഴിഞ്ഞ് പോയവരുമുണ്ട്. വീടുകളിലേക്ക് പരസ്പരമുള്ള സഞ്ചാരവും കുറഞ്ഞു.

സര്‍ക്കാരുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വേണ്ട സേവനം ലഭിക്കുന്നില്ലെന്ന പേരില്‍ ഞായറാഴ്ച സൂപ്പിക്കടയിലെത്തിയ ജനപ്രതിനിധികളടക്കമുള്ളവരോട് ഇടയ്ക്കിടെ രോഷപ്രകടനങ്ങളുമുണ്ടായി.
പെട്ടെന്ന് രോഗം കണ്ടുപിടിക്കാത്തതിന്റെ പരിഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. മന്ത്രിമാരടക്കമുള്ളവര്‍ സ്ഥലത്ത് ഇതുവരെ എത്താത്തതിന്റെ പരാതിയുമുണ്ടായി. ഒഴിഞ്ഞുപോയ വീടുകളില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും പോലീസ് ശ്രദ്ധയുണ്ടാകുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു.

ഇതിനെല്ലാമിടയ്ക്ക് എല്ലാത്തിനും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ജനങ്ങളുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിലും മണിപ്പാലില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘത്തിന് വഴികാട്ടാനും അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read