ജിഎസ്ടി കുരുക്കായി ; വടകരയിലെ ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണം പാതിവഴിയില്‍ തന്നെ

By | Wednesday March 14th, 2018

SHARE NEWS

വടകര: ഏഴു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയ്ക്ക് വേണ്ടി നിര്‍മ്മാണം
ആരംഭിച്ച കെട്ടിടം നിയമ കുരുക്കിനെ തുടര്‍ന്ന് പാതി വഴിയില്‍ തന്നെ. 2010 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച ഏഴു നില കെട്ടിടത്തിന്റെ പ്രവൃത്തിയാണ് നിയമ കുരുക്ക് കാരണം നിലച്ചിരിക്കുന്നത്.

നിലവില്‍ അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഇരു നില കെട്ടിടം
നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ കെട്ടിടത്തിന് മുകളിലാണ് വീണ്ടും നാലു നില കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 13.07 കോടി രൂപ അനുവദിച്ചത്. ആശുപത്രിക്ക് അനുയോജ്യമായ കെട്ടിടമല്ല നിര്‍മ്മിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

നാലു നില കെട്ടിട നിര്‍മ്മാണത്തിന് ആറര കോടി രൂപയും, ലിഫ്റ്റ് നിര്‍മ്മാണം, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ക്ക് ബാക്കിയുള്ള തുകയും വിനിയോഗിക്കാനാണ് പിഡബ്ല്യുഡി ടെണ്ടര്‍ നല്‍കിയത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്.

കെട്ടിട നിര്‍മ്മാണത്തിന് ശേഷമാണ് രണ്ടാം ഘട്ട ജോലികള്‍ നടക്കുകയുള്ളൂ.         എന്നാല്‍ കരാര്‍ ഒപ്പിടാന്‍ കമ്പനി
അധികൃതരെ പിഡബ്ല്യുഡി അധികൃതര്‍ സമീപിച്ചപ്പോള്‍ ഒപ്പിടാന്‍ തയ്യാറാകാതെ ഇവര്‍ കോടതിയെ സമീപിച്ചതാണ് നിര്‍മ്മാണം പാതി വഴിയിലായത്.
ജിഎസ്ടിയായി അടക്കേണ്ട തുക എസ്റ്റിമേറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടത് പിഡബ്ല്യുഡി അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ കാരണം.

നിയമ കുരുക്കില്‍ പെട്ടതോടെ കെട്ടിട നിര്‍മ്മാണം നിലച്ചത്
പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. സംഭവത്തിന്റെ പാശ്ചാതലത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ഇക്കാര്യം ചൂടേറിയ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു.

കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി, പൊതു മരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ സികെ നാണു എംഎല്‍എ, ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവരെ യോഗം
ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം വടകര ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണം സ്തംഭിക്കാനിടയായ സാഹചര്യം കലക്ടര്‍ യുവി ജോസ് നേരിട്ട് പരിശോധിക്കാനും
പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും കഴിഞ്ഞ മാസം ചേര്‍ന്ന ജില്ലാ വികസന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

പൊതുമരാമത്ത് കെട്ടിട വിഭാഗം മേല്‍നോട്ടം വഹിക്കുന്ന നിര്‍മാണ പ്രവൃത്തി രണ്ട് വര്‍ഷമായി  മുടങ്ങിക്കിടക്കുന്നത് ആശുപത്രിയുടെ നടത്തിപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്നും രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയാണ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read