താമസ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി വടകര നഗരസഭ ; നാളെ കെട്ടിട ഉടമകളുടെ യോഗം ചേരും

By news desk | Tuesday June 5th, 2018

SHARE NEWS

വടകര: നിപ വൈറസ് പോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും നഗര പരിധിയില്‍ ശുചിത്വങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി വടകര നഗരസഭ.

പല താമസ കേന്ദ്രങ്ങളിലും സൗകര്യത്തിന്റെ നാലും,അഞ്ചും ഇരട്ടിയോളം തൊഴിലാളികളാണ് താമസിച്ചു വരുന്നത്. മുറികള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ മൂന്നോ,നാലോ പേര്‍ മാത്രമാണെങ്കില്‍ പിന്നീട് ഇത് വര്‍ദ്ധിച്ചു വരുന്ന സ്ഥിതി വിശേഷണങ്ങളാണുള്ളത്.

ഇത്തരം കെട്ടിടങ്ങള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താത്തതാണ് വൃത്തി ഹീനമായ സാഹചര്യങ്ങളിലടക്കം ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ തയ്യാറാകുന്നത്.
പകര്‍ച്ച പനി വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വടകര നഗരസഭാ സെക്രട്ടറി കെ.യു.ബിനിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.

വീരഞ്ചേരി വാട്ടര്‍ അതോറിറ്റി ഓഫീസിന് വടക്കു ഭാഗത്തുള്ള 20 പേരെ താമസിപ്പിക്കാനുള്ള ഒരു കെട്ടിടത്തില്‍ 80 പേര്‍ താമസിക്കുന്നതായി കണ്ടെത്തി. താമസ സ്ഥലത്ത് ആവശ്യമായ കക്കൂസുകളോ, മറ്റു ശുചിത്വ മുറികളോ ഇല്ലാതെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്.

തീര്‍ത്തും മനുഷ്യത്വ രഹിതവും വൃത്തി ഹീനവുമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ കെട്ടിട ഉടമയ്‌ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് 434 പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

താമസ സ്ഥലത്തു നിന്നും ഒഴിപ്പിക്കല്‍ അടക്കമുള്ള നടപടി വരും ദിവസങ്ങളില്‍ സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകളുടെ യോഗം നാളെ  വൈകീട്ട് മൂന്ന് മണിക്ക് നഗരസഭാ ഓഫീസില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read