വടകര: പൊന്മേരി പറമ്പിലെ കക്കുന്നത്ത് എംഎൽപി സ്ക്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് പൂർവ വിദ്യാർത്ഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പാഠ്യവിഷയമായ ഓട്ടൻതുള്ളൽ, പുതിയ സ്റ്റേജില്‍ അവതരിപ്പിച്ചാണ് പൂർവ്വ വിദ്യാർത്ഥി ഡോ.ആര്യാകൃഷ്ണ മാതൃകയായത്.


പത്ത് വർഷങ്ങൾക്ക് മുമ്പ് രണ്ടു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻ തുള്ളൽ മത്സരത്തിൽ വിജയിയായിരുന്ന ആര്യാകൃഷ്ണ ഇപ്പോൾ വില്യാപ്പള്ളിയില്‍ എലൈറ്റ് ദന്തല്‍ ക്ളിനിക്കിൽ ചീഫ് ഡെന്‍റൽ സർജനായി ജോലി ചെയ്യുകയാണ്.
പഠനത്തിനും തൊഴിലിനുമൊപ്പം കലയും ഒരേ പോലെ കൊണ്ടു പോകാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ആര്യാകൃഷ്ണ. ഈ വർഷം കേരള കലാമണ്ഡലത്തിൽ നടന്ന സംസ്ഥാന തല ചൊല്ലിയാട്ട മത്സര ത്തിലും കേരളോത്സവത്തിലും വിജയിയായിരുന്നു ഇവര്‍.
കലാമണ്ഡലം പുന്നശ്ശേരി പ്രഭാകരൻ മാസ്റ്റരുടെ ശിഷ്യ കൂടിയായ ഡോ.ആര്യാകൃഷ്ണ കക്കുന്നത്ത് എംഎൽപി സ്ക്കൂളിലെ അധ്യാപിക കാർത്തികയുടെയും ഡയറ്റ് പ്രിൻസിപ്പലായിരുന്ന കോച്ചേരി രാധാകൃഷ്ണന്‍റെയും മകളാണ്.
Alumni performing running