വടകര: വടകര മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. കുടിവെള്ളക്ഷാമം അതിരൂക്ഷമായ ആവിക്കൽ മുതൽ അഴിത്തല വരെയുള്ള വടകരയുടെ തീരദേശ മേഖലയിലാണ് 'ജീവജലം 23' എന്ന ശീർഷകത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചത്.


ആവിക്കൽ പരിസരത്ത് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് വി.കെ. അസീസ് മാസ്റ്ററുടെ സാന്നിധ്യത്തിൽ വടകര മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. പി അബ്ദുല്ലഹാജി ഉദ്ഘാടനം ചെയ്തു. വടകര നഗരസഭയിലെ തീരദേശ മേഖലയായ കുരിയാടി മുതൽ അഴിത്തല വരെയുള്ളതും, താഴെയങ്ങാടിയിലെ മറ്റു വാർഡുകളിലെയും ജനങ്ങളുടെ ഏക ആശ്രയമാണ് വടകര നഗരസഭയുടെ കുടിവെള്ളം. ഈയിടെയായി കുടിവെള്ള വിതരണം അവതാളത്തിലാണ്.
ഇടയ്ക്കിടെ ലഭിക്കുന്ന വെള്ളം കലങ്ങിയതോ, ഉപ്പ് രസമുള്ളതോ ആയതിനാൽ പാചകത്തിനോ, ദാഹ ശമനത്തിനോ ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. ഇത്തരം പ്രതിസന്ധികൾ തീരദേശത്തെ ജനങ്ങളെ വലിയ ദുരിതത്തിലാക്കും.
വടകര നഗരസഭയും വാട്ടർ അതോറിറ്റിയും ജനപ്രതിനിധികളും എത്രയും പെട്ടെന്ന് പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂനുസ് ആവിക്കൽ, യൂനുസ് മാസ്റ്റർ, സഹൽ ഇ, ആർ. സിറാജ്, ആസിഫ്.വി, ഇമ്രാൻ ജമീല, അജ്നാസ്.യു, നസീർ കൊയിലാണ്ടി വളപ്പ്,ഷംസു എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.
Vadakara Municipal Youth League with drinking water supply