---
title: "ഇടനെഞ്ചിലേറ്റി കടത്തനാട്; സാംസ്കാരിക സംഗമമായി വി.ടി. മുരളിയുടെ പുസ്തക പ്രകാശനം "
english_title: "  cultural gathering in VT Murali's book launch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104772/cultural-gathering-in-vt-muralis-book-launch"
published_at: "2023-03-23T17:21:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c4b404dd6d_prakashanam_4.jpg"
keywords: []
---

# ഇടനെഞ്ചിലേറ്റി കടത്തനാട്; സാംസ്കാരിക സംഗമമായി വി.ടി. മുരളിയുടെ പുസ്തക പ്രകാശനം 

> **Lead Summary:** **വടകര: **കടത്തനാട് ഇടനെഞ്ചിലേറ്റി ഒരു അക്ഷരോപഹാരം.നാടിൻ്റെ സാംസ്കാരിക സംഗമമായി ഗായകൻ വി.ടി. മുരളിയുടെ പുസ്തക പ്രകാശനം. പിന്നണി ഗായകനും സംഗീത നിരൂപകനുമായ വടകര സ്വദേശി വി.ടി.മുരളിയെ ജന്മനാട് ഹൃദയം ചേർത്തു.

## Article Content

**വടകര: **കടത്തനാട് ഇടനെഞ്ചിലേറ്റി ഒരു അക്ഷരോപഹാരം.നാടിൻ്റെ സാംസ്കാരിക സംഗമമായി ഗായകൻ വി.ടി. മുരളിയുടെ പുസ്തക പ്രകാശനം. പിന്നണി ഗായകനും സംഗീത നിരൂപകനുമായ വടകര സ്വദേശി വി.ടി.മുരളിയെ ജന്മനാട് ഹൃദയം ചേർത്തു.

'ഇടനെഞ്ചിൽ സംഗീതം മുറജപമായി' എന്ന വിടി മുരളിയുടെ പതിമൂന്നാമത് പുസ്തക പ്രകാശന കർമ്മം ഇന്ന് വൈകിട്ട് വടകര ടൗൺഹാളിൽ നടന്നു. വിഖ്യാത താളവൈദ്യ കലാകാരനും, സംഗീത നാടക അക്കാദമി ചെയർമാനുമായ പത്മശ്രീ മട്ടന്നൂർ ശങ്കരക്കുട്ടി മാരാർ, പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

നാടക കലാകാരനും അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി.നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉപഹാരം നൽകി. യു എൽ സി സി ചെയർമാൻ പാലേരി രമേശൻ ,ഇവി വത്സൻ, എന്നിവർ ആശംസകൾ നേർന്നു. പി. ഹരീന്ദ്രനാഥ് അധ്യക്ഷനായി.

വി.ടി മുരളി - പാട്ടും എഴുത്തും എന്ന വിഷയത്തിൽ സജയ് കെ.വി പ്രഭാഷണം നടത്തി. ടി. രാജൻ സ്വാഗതവും സജീവൻ ചോറോട് നന്ദിയും പറഞ്ഞു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞനായ ആനയടി പ്രസാദും, വി.ടി. മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന 'പാട്ടൊരുക്കം' എന്ന സംഗീത പരിപാടിയും കടത്തനാടിന് വേറിട്ട അനുഭവമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104772/cultural-gathering-in-vt-muralis-book-launch)