കൈനാട്ടി: തിരക്കേറിയ കൈനാട്ടി- പക്രം തളം സംസ്ഥാനപാതയിൽ കൈനാട്ടി മേൽപ്പാലത്തിന് സമീപത്തായുള്ള കിണർ കൊണ്ട് അപകട സാധ്യതയേറെ. ഓവുചാൽ നിർമ്മാണത്തിനായി കുഴിയെടുത്തതോടെയാണ് അപകടകരമായ വിധം കിണർ പ്രകടമായി പുറത്തേക്ക് കണ്ടുവന്നത്.


മൂന്നു വർഷങ്ങൾക്കു മുമ്പ് പഴയ കട സ്ഥിതി ചെയ്ത കെട്ടിടം പൊളിച്ച് പുതിയ കെട്ടിട ജോലി ആരംഭിക്കുന്ന മുറക്കായിരുന്നു സമീപത്തുള്ള പ്രദേശവാസി കേസുമായി മുന്നോട്ടു പോയത്. ഇതിനാൽ ഇവിടെ കെട്ടിടം പ്രവർത്തി നിലച്ച മട്ടാണ്. കെട്ടിട ഉടമ അപ്പീൽ പോയെന്നാണ് നാട്ടുകാർ പറയുന്നത്. ഒരുഭാഗത്ത് കേസും അപ്പീലുമായി കക്ഷികൾ മുന്നോട്ടുപോകുമ്പോൾ മറുഭാഗത്ത് ആൾമറ ഇല്ലാത്ത രീതിയിൽ കിണർ കാണുന്നത് കാൽ നട യാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരേപോലെ ഭീതിയിലാഴുത്തുകയാണ്.
ആഴമുള്ള കിണറിൽ ചളിപൂണ്ട അവസ്ഥയാണ് ഇപ്പോൾ. മഴക്കാലത്ത് കിണറിൽ പൂർണമായും വെള്ളം കയറുമെന്നും സമീപത്തുള്ള സ്റ്റാൾ ഉടമ പറഞ്ഞു. ഓവുചാൽ നിർമ്മാണം പൂർത്തിയായാൽ കാൽനടയാത്രക്കാർ ഈ വഴി ആയിരിക്കും ഉപയോഗിക്കുക. അതുകൊണ്ടുതന്നെ നിലവിൽ ഉപയോഗശൂന്യമായ കിണർ ഒന്നുകിൽ നികത്തുകയോ, അല്ലെങ്കിൽ ആൾമറ കെട്ടി സംരക്ഷിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
അല്ലെന്നുണ്ടെങ്കിൽ മനുഷ്യർക്ക് പുറമേ മറ്റു ജീവജാലങ്ങൾക്കും ഈ കിണർ അപകട ഭീഷണിയാണ്. പഴയ കെട്ടിടം പൊളിക്കുന്ന സമയത്തായിരുന്നു ആൾമറയും പൊളിച്ചു മാറ്റിയത്. പക്രം തളം- കൈനാട്ടി സംസ്ഥാനപാത വീതി കൂട്ടുന്ന കാലയളവിൽ ആയിരുന്നു കെട്ടിടം പൊളിക്കലും പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചതും. നിയമ സാങ്കേതിക തടസ്സങ്ങളാൽ ഇത് നിലച്ചുപോയി. അതുകൊണ്ടുതന്നെ നിലവിൽ കെട്ടിട ഉടമ തന്നെ എത്രയും പെട്ടെന്ന് കിണറിന്റെ കാര്യത്തിൽ ഉചിതമായ പരിഹാരം കാണണം എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Well without cover near flyover