ഒഞ്ചിയം: കഴിഞ്ഞ ദിവസമായിരുന്നു ചോർച്ചയെ തുടർന്ന് അഴിയൂർ ബ്രാഞ്ച് കനാൽ അടച്ചത്. അഴിയൂർ ബ്രാഞ്ച് കനാലിൽ കുരുക്കിലാട് ഭാഗത്താണ് ചോർച്ച അനുഭവപ്പെട്ടത്. 10 ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി ബ്രാഞ്ച് കനാൽ ഉടൻ തുറക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.


നേരത്തെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മെമ്പറും വെള്ളികുളങ്ങര വാർഡ് അംഗവുമായ ജൗഹർ വി.കെ ഇത് സംബന്ധിച്ച് പേരാമ്പ്ര ഡിവിഷൻ എൻജിനീയർക്ക് പരാതി നൽകിയിരുന്നു. വെള്ളം തുറന്നു വിടാമെന്ന് ഉറപ്പ് അദ്ദേഹം നേരത്തെ നൽകിയതാണ്. പക്ഷേ അപ്രതീക്ഷിതമായാണ് കുരിക്കിലാട് കനാലിൽ ചോർച്ച സംഭവിച്ചത്. വലിയ ഗൃഹാതുരത്വം ഓർമ്മകൾ ഒഞ്ചിയത്തിന് സമ്മാനിച്ച ബ്രാഞ്ച് കനാൽ ആണ് അഴിയൂർ ബ്രാഞ്ച് കനാൽ.
50 വർഷത്തോളം പഴക്കമുണ്ട് ഈ കനാലിന്. 1975-80 കാലഘട്ടത്തിലാണ് കനാൽ തുറന്നു പ്രവർത്തനമാരംഭിച്ചത്. ഒരുകാലത്ത് കുളിക്കാനും, അലക്കാനും, നീന്തൽ പഠിക്കുവാനും, പ്രായഭേദമന്യേ ഒഞ്ചിയത്തുകാർ ആശ്രയിച്ചിരുന്നത് ഈ കനാലിനെയാണ്. ഒഞ്ചിയത്തിന്റെ നെല്ലറയായ പുതിയോട്ടു കണ്ടി ഭാഗത്തേക്ക് നെൽ കൃഷി, പച്ചക്കറി, വാഴ ഉൾപ്പെടെയുള്ള കൃഷി ആവശ്യത്തിന് വേണ്ടി വെള്ളം ഉപയോഗിക്കുന്നത് ഈ കനാൽ നിന്നാണ്.
കടുത്ത വേനലിൽ നിന്നും, ജലക്ഷാമത്തിൽ നിന്നും കനാലിലെ പരിസരപ്രദേശങ്ങളിലെ കിണറുകളുടെ വെള്ളത്തിന് ആശ്വാസം നൽകുന്നതും അഴിയൂർ ബ്രാഞ്ച് കനാൽ തന്നെ. വേനൽ അവധിക്കാലത്താണ് പലപ്പോഴും കനാൽ തുറന്നു വിടുക. കനാൽ കടന്നുപോകുന്ന പാതയിലെ പ്രധാന സ്കൂളുകളായ വെള്ളികുളങ്ങര എൽ പി സ്കൂൾ, ഒഞ്ചിയം എൽ പി, ഗവ: യുപി ഉൾപ്പെടെയുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആഘോഷമാണ്.
കളിച്ചും, രസിച്ചും, നീന്തിയും, തോണി തുഴഞ്ഞും, അവരുടെ കുട്ടിക്കാലത്തെ വേനൽ അവധിക്കാലം ആനന്ദകരമാക്കുന്നു. കനാൽ തുറന്നുവിട്ടാൽ ഒഞ്ചിയമാകെ കനാലിലേക്ക് എന്ന പ്രതീതി സൃഷ്ടിക്കുവാനും ഒഞ്ചിയക്കാർക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് അത്തരത്തിലുള്ള ഗൃഹാതുരത്വ ഓർമ്മകളല്ലാതെ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുറച്ചുദിവസം മാത്രമാണ് കനാൽ തുറന്നു വിടാറ്. ഒരുകാലത്ത് വലിയ അളവിൽ വെള്ളം ഒഴുക്കി വിടാറുണ്ടായിരുന്നു.
പക്ഷേ കാലപ്പഴക്കം, ചോർച്ച, ഉടുമ്പ്, മുള്ളൻ പന്നി പോലോത്തവയുടെ ശല്യം മൂലം ആഴ്ചകളോളം മാസങ്ങളോളം കനാൽ തുറന്നു വിടുന്ന രീതി ഇന്നില്ല. അതുകൊണ്ടുതന്നെ ഒരു കാലത്ത് കനാലിനെ പ്രതീക്ഷിച്ച പലരും ഇന്ന് നിരാശരാണ്. ഒഞ്ചിയത്തെ പിഞ്ചുകുട്ടികൾ മുതൽ കർഷകരുടെ മുഖത്തു വരെ ഈ നിരാശ പ്രകടമാണ്. ഒരുവട്ടം കൂടി ആ പഴയ കനാൽ ഓർമ്മ ഞങ്ങൾക്ക് തിരികെ തരണമേ എന്നാണ് ഒഞ്ചിയം കാരുടെ പ്രധാന വികാരം. വരും വർഷങ്ങളിലെങ്കിലും അതിന് സാധിക്കട്ടെ എന്ന് നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
the hope that water will come in the Onchiyam canal