വടകര: ആത്മാവും, എരിപിരിയും ഇത്തവണത്തെ സ്പെഷ്യൽ. രാവ് പകലാക്കി വടകര താഴെ അങ്ങാടിയിലെ റംസാൻ ദിനങ്ങൾ ആ..വന്നോളീൻ...വാങ്ങിക്കോളീൻ...കഴിച്ചോളീൻ...റംസാൻ മാസം പിറന്നാൾ വടകര താഴെയങ്ങാടിയിൽ നോമ്പുതുറയ്ക്ക് ശേഷം ചെന്നാൽ കേൾക്കുന്ന ശബ്ദങ്ങളിൽ ഒന്നാണിത്. റോഡിന് ഇരുവശവും വിവിധനിറത്തിലും മണത്തിലും രുചിയിലും ഭക്ഷണസാധനങ്ങളും വ്യത്യസ്തങ്ങളായ കളിപ്പാട്ടങ്ങളും നിറഞ്ഞിരിക്കും.


എത്തിയത് എവിടെയാണെന്ന് ഒരു നിമിഷം ഒന്ന് അമ്പരക്കും. പറഞ്ഞുവരുന്നത് വടകര താഴെയങ്ങാടി കോതിബസാറിലെ തെരുവുകച്ചവടത്തെക്കുറിച്ചാണ്.വീടുകളിലെ നോമ്പുതുറ കഴിഞ്ഞാൽ കുടുംബത്തോടെ ഇവിടേക്കുള്ള ആളുകളുടെ ഒഴുക്കാണ്. അത് അവസാനിക്കണമെങ്കിൽ പുലർച്ചെയാവണം. വടകരയിൽ നിന്നും മാത്രമല്ല കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും ജാതിമതഭേദമന്യേ ആളുകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്.
ഒരിക്കൽ വന്നവർ മറ്റുള്ളവരോട് പറഞ്ഞു അതൊന്നു കാണാൻ ഓടിയെത്തുന്നവരാണ് കൂടുതലും. നോമ്പുതുറ വിഭവങ്ങൾക്ക് പുറമേ പല ഭക്ഷണസാധനങ്ങളും ഇവിടെനിന്ന് ലഭിക്കും. പുക പറക്കുന്ന 'ആത്മാവും', എരിപിരിയും, മുള സർവത്തുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.ഉപ്പിലിട്ടവ, ഐസ് കൊണ്ടുള്ള വ്യത്യസ്തമായ ഐറ്റംസ്, കുലുക്കിയും എറിഞ്ഞും ആവേശത്തോടെ തയ്യാറാക്കുന്ന സർവത്ത് ഇവയെല്ലാം വയറു നിറയ്ക്കുന്നതോടൊപ്പം കണ്ണിനും രസമുള്ള കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്. തൊട്ടടുത്ത് തന്നെ പള്ളി ഉള്ളതിനാൽ നിസ്കരിക്കാനും പ്രയാസമില്ല.
കാണാൻ എത്തുന്നവർക്ക് മാത്രമല്ല, ഇവിടുത്തെ കച്ചവടക്കാർക്കും നാട്ടുകാർക്കും ഇതൊരു ആഘോഷമാണ്. വരുന്നവരുടെ എണ്ണംഎടുത്തും, അവരുടെ സന്തോഷം കണ്ട് മനസ്സുനിറഞ്ഞും, വർത്തമാനം പറഞ്ഞ് ചിരിച്ചും എല്ലാ തലമുറക്കാരും എവിടെ എത്തുന്നുണ്ട്. സ്കൂൾ അടച്ചതോടെ കുട്ടിക്കച്ചവടക്കാരും രംഗത്തെത്തിയിട്ടുണ്ട്. മേടമാസച്ചൂടിന് ഇടയിലും വ്രതമെടുത്ത് പ്രാർഥനയോടെ പകൽസമയം കഴിച്ചുകൂട്ടി രാവിന്റെ വരവിനായി കാത്തിരിക്കുകയാണ് ഓരോ താഴെഅങ്ങാടിക്കാരനും.വർഷങ്ങളായി റംസാൻ മാസത്തിൽ രാത്രി ഇവിടെ തെരുവോരക്കച്ചവടം ഉണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങൾ സജീവമായതോടെയാണ് ആളുകളുടെ ഒഴുക്ക് കൂടിയതെന്ന് കച്ചവടക്കാരും പറയുന്നു.
Ramzan days in Vadakara Thazhe Angadi