വടകര: ( vatakaranews.in ) വടകര–-വില്യാപ്പള്ളി–-ചേലക്കാട് റോഡ് നിർമാണ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ സ്ഥല ഉടമകൾ സമ്മതപത്രം നൽകണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. നാടിന്റെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ഉടമകൾ സഹകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
നിലവിൽ കിഫ്ബി 58.29 കോടി രൂപയ്‌ക്കുള്ള അനുമതിയാണ് 15.96 കിലോമീറ്റർ നീളമുള്ള റോഡിന് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന്, പൊളിക്കുന്ന മതിലുകൾ പുനർനിർമിക്കാനും കടമുറികൾക്ക് തകരാർ ഉണ്ടാവുന്നതിനാൽ പുനരുദ്ധരിക്കാനുള്ള ഘടകങ്ങൾ ഉൾപ്പെടുത്താനും അനുമതിയായിട്ടുണ്ട്.
83 കോടി രൂപയുടെ ഭേദഗതി ചെയ്ത എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്‌തു. എന്നാൽ ചില ഉടമകൾ 12 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാൻ ഭൂമി വിട്ടുനൽകാനുള്ള സമ്മതപത്രം നൽകാൻ വിസമ്മതം പ്രകടിപ്പിക്കുന്നതിനാൽ 83 കോടി രൂപയുടെ പദ്ധതി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. ഈ തുക നഷ്ടപ്പെട്ടാൽ സമീപഭാവിയിലെങ്ങും റോഡ് വികസിക്കാൻ സാധ്യതയില്ല.
എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി, കെ കെ രമ, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ബിജുള, അഡ്വ. വി കെ ജ്യോതിലക്ഷ്മി, കാട്ടിൽ മൊയ്തു, വി വി മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.
#vatakara #vilyapally #chelakad #road #development #meeting