ആയഞ്ചേരി: (vatakaranews.in) ആശുപത്രികൾ മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ തങ്ങളുടെ ഊഴവും കാത്ത് മുഷിഞ്ഞിരിക്കുമ്പോൾ ഒരല്പ വായനയുടെ സൗരഭ്യം തീർക്കുകയാണ് വള്ള്യാട് എം.എൽ.പി.സ്കൂൾ.
അസ്‌തമിച്ചുകൊണ്ടിരിക്കുന്ന വായന സംസ്കാരത്തെ തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സ്കൂൾ വായനാ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'പുസ്തകക്കൂടുകൾ ' ഒരുക്കി ശ്രദ്ധേയമായി.
തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരാട്ടുതറ സാമൂഹിക ആരോഗ്യ കേന്ദ്രം, ആയഞ്ചേരി പഞ്ചായത്തിലെ ആസ്പയർ മെഡിക്കൽസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പൊതു ജനങ്ങൾക്കായി വായനയ്ക്ക് സൗകര്യം ഒരുക്കിയത്.
വിവര സാങ്കേതിക വിദ്യയുടെ വളർച്ച എല്ലാ വിവരങ്ങളേയും വിരലിനപ്പുറമെത്തിച്ചപ്പോൾ പുസ്തകത്താളിലൂടെ അറിവ് തിരഞ്ഞ ശീലം സമൂഹം മറന്നിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇത്തരമൊരു സംരംഭത്തിന് പ്രചോദനമായതെന്ന് സ്കൂൾ പ്രധാന അധ്യാപിക എ.ആർ. ജസ്ന പറഞ്ഞു.
ആയഞ്ചേരി ആസ്പയർ മെഡിക്കൽസിൽ നടന്ന 'പുസ്തകക്കൂട്' സമർപ്പണം പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവ്വഹിച്ചു. വാർഡ് മെംബർ പി.എം. ലതിക അധ്യക്ഷയായി. കാഞ്ഞിരാട്ടു തറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ ജാസ്മിന ചങ്ങരോത്ത് അധ്യക്ഷയായി. ഇരു ചടങ്ങുകളിലുമായി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. അബ്ദുറഹ്മാൻ, ഉണിക്കാണ്ടി അലി, ഇ.അരവിന്ദാക്ഷൻ, ശോഭന, വള്ളിൽ ശ്രീജിത്ത്, സി മുഹമ്മദ് റഷാദ്, സി. എച്ച്. മൊയ്തീൻ, ഹെഡ്മിസ്ട്രസ് എ.ആർ. ജസ്ന, എൻ.എസ്. ബേബി ഷംന, ഡോ. ദിലീപ്, ജെ.എച്ച്.ഐ. രാജേഷ്, എസ്. രോഷി, എൻ.കെ.രജനി എന്നിവർ സംസാരിച്ചു.
#scent #reading #public #spaces #Valliad #MLPSchool #Pusthakakood #noteworthy