ചോറോട് : (vatakara.truevisionnews.com)ചോറോട് ദേശീയപാതയിൽ വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്‌ത വാഹനാപകട കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടി.
അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പോലീസ് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീഗൽ സർവ്വീസ് അതോറിറ്റി അറിയിച്ചു.അപകടത്തിനിടയാക്കിയ വാഹനം ഇപ്പോഴും കാണാമറയത്താണ്.
ഇതിനാൽ കുട്ടിയുടെ കുടുംബത്തിന് ഇതുവരെ അപകട ഇൻഷൂറൻസ് ലഭിച്ചിട്ടില്ല. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.
കുടുംബത്തിൻ്റെ ഈ സ്ഥിതി മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് ചോറോട് രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ മേലേ ചൊവ്വ സ്വദേശി ബേബിയേയും കൊച്ചുമകൾ ഒമ്പതുവയസുകാരി ദൃഷാനയെയും അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബേബി തൽക്ഷണം മരിച്ചു.
ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. ആറു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി. കോമ ഘട്ടത്തിലാണ് കുട്ടിയുള്ളത്. വെള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിനിടയാക്കിയത്.
വടകര ഭാഗത്ത് നിന്നും മാഹി ഭാഗത്തേക്കാണ് കാർ ഓടിച്ച് പോയതെന്ന് അപകടത്തിന് ദ്യക്‌സാക്ഷിയായ ദൃഷാനയുടെ അമ്മ പോലിസിന് മൊഴി നൽകിയിരുന്നു. വടകര പൊലീസിനാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ ചുമതലയുണ്ടായിരുന്നത്.
നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും വാഹനം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹൈക്കോടതിയുടെ ഇടപെട്ട സാഹചര്യത്തിൽ വൈകാതെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അന്വേഷണസംഘവുമായി സംസാരിക്കുമെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും ഷാഫി പറമ്പിൽ എംപി അറിയിച്ചു.
#car #accident #vehicle #caused #accident #found, #HighCourt #intervened #matter