അഴിയൂർ:(vatakara.truevisionnews.com) മുരാടിനും അഴിയൂരിനും ഇടയിലുള്ള ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണമെന്ന് യു.ഡി.എഫ്.-ആർ.എം.പി. ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും കടുത്ത പ്രതിസന്ധി അനുഭവിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികൾ നിറഞ്ഞ റോഡിലൂടെ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
ദേശീയപാതയിലെ സർവീസ് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഗതാഗതക്കുരുക്ക് കാരണം സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.



യു.ഡി.എഫ്. വടകര നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ടി.സി. രാമചന്ദ്രൻ, വി.പി. പ്രകാശൻ, യു.എ. റഹീം, പ്രദീപ് ചോമ്പാല, സി.കെ. വിശ്വൻ, പ്രൊഫ. പാമ്പള്ളി മഹമ്മൂദ്, കാസിം നെല്ലോളി, പി.പി. ഇസ്മായിൽ, ഹാരിസ് മുക്കാളി, വി.കെ. അനിൽ കുമാർ, എം. ഇസ്മയിൽ, കെ.കെ. ഷെറീൻ കുമാർ എന്നിവർ സംസാരിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
Traffic congestion on Murad-Azhiyur National Highway: UDF-RMP People's Front protests