ആയഞ്ചേരി:(vatakara.truevisionnews.com)തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചതിൽ വിവേചനം ആരോപിച്ച് എൽ.ഡി.എഫ്. പ്രതിഷേധത്തിന് ഒരുങ്ങുന്നു. എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളോട് പഞ്ചായത്ത് ഭരണസമിതി വിവേചനം കാണിച്ചെന്നാണ് പ്രധാന ആരോപണം.
എൽഡിഎഫ് അംഗങ്ങളുടെ വാർഡുകൾക്ക് മൂന്ന് ലക്ഷം രൂപ വീതവും യുഡിഎഫ് അംഗങ്ങളുടെ വാർഡുകൾക്ക് 16 ലക്ഷം രൂപ വീതവുമാണ് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതാക്കൾ പഞ്ചായത്ത് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം ചർച്ച ചെയ്ത് രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായി എൽഡിഎഫ് കൺവീനർ വി.ടി. ബാലൻ മാസ്റ്റർ അറിയിച്ചു.



കെ. രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്. വി.ടി. ബാലൻ മാസ്റ്റർ, ടി.പി. ദാമോദരൻ, കെ.വി. ജയരാജൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കണ്ടോത്ത് കുഞ്ഞിരാമൻ, അഷറഫ് എടവലത്ത്, കരീം പിലാക്കി, മുഹമ്മദ് എം. എന്നിവർ യോഗത്തിൽ സംസാരിച്ചു.
LDF to protest; Protest against discrimination in road fund distribution in Ayanjary