വടകര: (vatakara.truevisionnews.com)മൊബൈൽ ഫോണുകളുടെ അതിപ്രസരമുള്ള പുതിയ കാലത്ത് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനുള്ള പ്രത്യേക ഇടപെടലുകൾ നടത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെ.കെ രമ എം.എൽ.എ.
എം.എൽ.എ യുടെ 2023-24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്കും, വായനശാലകളിലേക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അവർ.
പാഠ്യവിഷയങ്ങളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ പുസ്തകങ്ങളെ വായിക്കാനും അറിയാനും സ്കൂളുകളിൽ തന്നെ കുട്ടികൾക്ക് അവസരങ്ങൾ രൂപപ്പെടണം.
ഇതിനു സഹായകമാവുംവിധം സ്കൂൾ ലൈബ്രറികളെ പരീഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങി നൽകാൻ ഉദ്ദേശിച്ചത്.
കുട്ടികളിലെ സർഗ്ഗാത്മകത വളർത്തിയെടുക്കുന്നതിന് എല്ലാവരുടെയും ഒറ്റക്കെട്ടായ ഇടപെടൽ ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.
ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അധ്യക്ഷത വഹിച്ചു.
ഹെഡ് ടീച്ചർ അജിത.പി.പി സ്വാഗതം പറഞ്ഞു, പി.ടി.എ പ്രസിഡന്റ് പ്രജിത്ത് സ്നേഹശ്രീ ജയൻ മാസ്റ്റർ, ബിന്ദു ടീച്ചർ, വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
വിവിധ സ്‌കൂളുകളുടെയും വായന ശാലകളുടെയും പ്രതിനിധികൾ എം.എൽ.എയിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
#Special #attention #should #given #develop #reading #habit #children #KKRema #MLA