Nov 24, 2024 10:48 AM

വടകര: (vatakara.truevisionnews.com) വടകര നഗരത്തിൽ ഗതാഗതകുരുക്കിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു.

ദേശീയ പാതയുടെ പണി നടക്കുന്നതിനാൽ കഴിഞ്ഞ ഒരാഴ്ചയായി പ്രധാന റോഡുകളിലും ദേശീയപാതയുടെ സർവീസ് റോഡിലും നീണ്ട വാഹനനിരയാണ്.

കുരുക്ക് രൂക്ഷമാകുമ്പോൾ തിരിച്ചു വിടാൻ പറ്റിയ റോഡുകളില്ല. ജെ ടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിനു കുറുകെ കലുങ്ക് പണിയാൻ തുടങ്ങിയപ്പോൾ കുരുക്ക് രൂക്ഷമായി.

പെരുവാട്ടിൻ താഴ ഭാഗത്തു നിന്നുള്ള ബസുകൾ ഒഴികെയുളള വാഹനങ്ങൾ രാഗേഷ് ഹോട്ടൽ റോഡിലൂടെ തിരിച്ചു വിടുന്നുണ്ടെങ്കിലും പല വാഹനങ്ങളും ഇത് പാലിക്കുന്നില്ല.

ഇത് ജെടി റോഡിൽ പലപ്പോഴും വാഹനക്കുരുക്കിന് കാരണമാകുന്നു.

ജെടി റോഡിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ മാർക്കറ്റ് റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിലെ വൺവേ എടുത്തു കളഞ്ഞെങ്കിലും ഫലമില്ല.

മാർക്കറ്റ് റോഡിൽ ചരക്ക് ഇറക്കാൻ നിശ്ചിത സമയം അനുവദിച്ചതു കൊണ്ടു പ്രശ്നമില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ രാവിലെ മുതൽ റോഡരികിൽ നിർത്തുന്നതാണ് പ്രശ്നം.

ഇത് നിയന്ത്രിക്കാൻ പൊലീസ്, ഹോം ഗാർഡ് ഉണ്ടെങ്കിലും ഇവരുടെ കണ്ണു തെറ്റിയാൽ വാഹനം പാർക്ക് ചെയ്യും.

ലിങ്ക് റോഡിൽ അനധികൃതമായി നിർത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതു കൊണ്ട് പലരും ഇവിടം വിടുന്നുണ്ടെങ്കിലും മെയിൻ റോഡുമായി ചേരുന്ന ഭാഗത്ത് പേരാമ്പ്ര, കൊയിലാണ്ടി, കൊളാവി പാലം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നതിനാൽ ഇവിടെ പലപ്പോഴും നീണ്ട കുരുക്കാണ്.

ട്രെയിൻ വരുന്ന സമയങ്ങളിൽ എടോടി ജംക്‌ഷനിൽ വാഹനകുരുക്ക് രൂക്ഷമാകുന്നത് മറ്റു റോഡുകളെയും ബാധിക്കുന്നു.

2 ട്രെയിനുകൾ അടുത്തടുത്തായി വരുന്ന സമയത്താണ് ഏറെ പ്രശ്നം.

#North #traffic #jam #Vehicles #stuck #hours

Next TV

Top Stories