Dec 24, 2024 10:28 AM

വടകര: (vatakara.truevisionnews.com)  വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും.

അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓണായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു.

ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും.

രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്.

തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല.

പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് വടകര കരിമ്പനപ്പാലത്ത് കാരവന്റെ വാതിലിൽ മനോജിനെയും ഉള്ളിൽ ജോയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വാഹനം ഒതുക്കി ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കാരവന്റെ ഡ്രൈവറായ മനോജ് മലപ്പുറം സ്വദേശിയും സഹായിയായ ജോയൽ കണ്ണൂർ സ്വദേശിയുമാണ്. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലാണ് വാഹനം.

പൊന്നാനി റജിസ്ട്രേഷനിലുള്ള കാരവാനാണിത്. തലശേരിയില്‍ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു കാരവന്‍ ജീവനക്കാര്‍. രണ്ടു ദിവസങ്ങളായി റോഡിനു വശത്ത് കിടക്കുകയായിരുന്നു കാരവന്‍.

പ്രദേശവാസിയായ ഒരാൾ കാരവന്റെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് വാഹനത്തിനു ചുറ്റും വടംകെട്ടി. ദേശീയപാതയോരത്തായതിനാല്‍ സംഭവമറിഞ്ഞശേഷം കരിമ്പനപ്പാലം ഭാഗത്ത് ഇടയ്ക്കിടെ ഗതാഗതതടസ്സവുമുണ്ടായി.

#Incident #death #caravan #bodies #Manoj #Joel #postmortemed #today

Next TV

Top Stories