ആയഞ്ചേരി: (vatakara.truevisionnews.com) ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയ ബജറ്റിനാണ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗീകാരം നൽകിയത്. ഹെൽത്തി വില്ലേജ് തീമിനെ ആസ്പദമാക്കി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.


പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആയുർവേദ - ഹോമിയോ ആശുപത്രികളുടെ നവീകരണവും കൂടാതെ വിവിധ സബ് സെൻ്ററുകളുടെയും വെൽനസ് സെൻ്ററുകളുടെയും നിർമ്മാണവും വിപുലീകരണവും ബജറ്റിൽ ലക്ഷ്യമെടുന്നു. കൂടാതെ ആരോഗ്യ സമ്പുഷ്ടമായ തലമുറയെ സൃഷ്ടിക്കുന്നതിനുള്ള നൂതനങ്ങളായ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ ഒരു കുതിച്ചു ചാട്ടം തന്നെയാണ് കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് ഭരണസമിതി നടത്തിയിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കാനിരിക്കയാണ്.
കാർഷിക മേഖലക്ക് ഏറെ പ്രാധാന്യമുള്ള പഞ്ചായത്ത് എന്ന നിലക്ക് കൃഷിക്കും മൃഗസംരക്ഷണം, മണ്ണ് ജലസംരക്ഷണം എന്നിവയ്ക്കുമായി ഒരു കോടി 23 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി പാർപ്പിട നിർമ്മാണത്തിന് 3 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
സാമൂഹ്യക്ഷേമം, വനിത, ശിശു, വൃദ്ധർ, പട്ടികജാതി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ ക്ഷേമത്തിനായി ഒരുകോടി 32 ലക്ഷം രൂപയുടെ വിവിധങ്ങളായ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പശ്ചാത്തല മേഖലയിൽ ഏറെ പ്രാധാന്യമുള്ള പുതിയ റോഡുകളുടെ നിർമ്മാണത്തിനും സംരക്ഷണത്തിനും അതുപോലെ പൊതു കെട്ടിട നിർമ്മാണത്തിനുമായി ആറുകോടി 36 ലക്ഷം രൂപയാണ് ഫണ്ട് കണക്കാക്കിയിട്ടുള്ളത്. വിദ്യാഭ്യാസമേഖലക്കും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും മറ്റുമായി ബജറ്റിൽ സംഖ്യ നീക്കി വെച്ചിട്ടുണ്ട്.
30 കോടിയുടെ വരവും 28 കോടിയുടെ രൂപ ചെലവും രണ്ടുകോടി മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻ്റ് പി. കെ. ആയിഷ ടീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റ് സമ്മേളനത്തിൽ പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് അധ്യക്ഷനായി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി. വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർമാർ, സെക്രട്ടറി എം. ഗംഗാധരൻ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥൻമാർ ചടങ്ങിൽ സംബന്ധിച്ചു.
#Focus #health #sector#budget#30crore #approved#Ayanjary