വടകര: (vatakara.truevisionnews.com) എംപുരാൻ സിനിമയിൽ ആവിഷ്ക്കരിച്ചതിനെക്കാൾ ഏറെ ഭയാനകമായതാണ് ഗുജറാത്തിലെ ഗോധ്രയിലും, നരോദാപാട്യയിലും ഫാസിസ്റ്റുകൾ വംശഹത്യയിലൂടെ ചെയ്തു കൂട്ടിയതെന്ന് പ്രൊഫസർ കെ.ഇ.എൻ കുഞ്ഞമ്മദ് പ്രസ്താവിച്ചു.


നവചിന്ത കലാ സാംസ്കാരിക വേദി വടകരയിൽ സംഘടിപ്പിച്ച എംപുരാൻ ചർച്ച ചെയ്യപ്പെടുന്നു -ഡയലോഗ്- പ്രോഗ്രാം സാംസ്കാരിക ചത്വരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് വംശഹത്യ ഒരു ഭൂഖണ്ഡ സമാനമായിരുന്നുവെങ്കിൽ അതിലെ ഒരു മൺതരിയെ മാത്രമെ എംപുരാൻ പരാമർശിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ നടന്നത് ഹിന്ദു -മുസ്ലിം സംഘട്ടനമായിരുന്നില്ലെന്നും അത് 1980 കളിൽ തന്നെ ആർ എസ് എസ് നടത്തിയ പ്ലാനിങ്ങിന്റെ ഭാഗമായിട്ടാണ് നടന്നതെന്നും കെ.ഇ.എൻ വ്യക്തമാക്കി.
നവചിന്ത കലാ സാംസ്കാരിക വേദി കൺവീനർ ടി.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ റിജിൽ മാക്കുറ്റി, മൊയ്തു താഴത്ത്, അനിൽ ആയഞ്ചേരി, ഉസ്മാൻ പി.കെ, സോമൻ മുതുവന, സനിൽ ദിവാകർ എന്നിവർ സംവദിച്ചു.
ബാലൻ നടുവണ്ണൂർ സ്വാഗതം പറഞ്ഞ പരിപാടിക്ക് റഊഫ് ചോറോട് നന്ദി രേഖപ്പെടുത്തി. ഫാസിസത്തിനെതിരെ ആശയ പ്രതിരോധം തീർത്ത സംഗമത്തിൽ കടമ്മനിട്ടയുടെ ക്യാ, നമോനമ, ആവിഷ്കാരം തുടങ്ങിയ കവിതകൾ പാടിയും പറഞ്ഞും പ്രതിരോധം തീർത്തു.
#KENKunjhammad #inauguration #Empuran #Discussion #Dialogue #program #Vadakara