ആയഞ്ചേരി: (vatakara.truevisionnews.com) അശാസ്ത്രീയമായ റോഡ് നിർമാണത്തെ തുടർന്ന് ആയഞ്ചേരി -കടമേരി റോഡിൽ ആയഞ്ചേരി പഞ്ചായത്ത് ഓഫീസിനു സമീപം വെള്ളത്തിൽ മുങ്ങി. കാൽനട യാത്രക്കാർക്കുപോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ് നിലവിൽ റോഡ്.


ആയഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ മാക്കം മുക്കിൽ പഞ്ചായത്ത് നടപ്പാത നിർമിച്ചപ്പോൾ ആയഞ്ചേരി കടമേരി റോഡിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളം നടപ്പാതയുടെ വശത്തുള്ള ഡ്രെയ്നേജിലൂടെ ഒഴുകിപ്പോകാറുണ്ടായിരുന്നു.
നിലവിലുണ്ടായിരുന്ന നടപ്പാതയും ഡ്രെയ്‌നേജും ഉൾപ്പെടെ നികത്തി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡാക്കി മാറ്റി. ആയഞ്ചേരി കടമേരി റോഡിനേക്കാളും ഉയരത്തിലാണ് നടപ്പാത റോഡാക്കി മാറ്റിയത്. ഇതോടെ വേനൽ മഴയിൽ തന്നെ ആയഞ്ചേരി -കടമേരി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
പഞ്ചായത്ത് അധികൃതരുടെ അശാസ്ത്രീയ റോഡ് നിർമാണമാണ് വെള്ളക്കെട്ടിന് കാരണമായത്. പ്രശ്ന പരിഹാരത്തിനായി പഞ്ചായത്ത് അധികതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശ്നത്തിൽ ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കലക്ടർക്ക് പരാതി നൽകി.
#Ayanchery #Panchayath #office #premises #submerged #water