വടകര: (vatakara.truevisionnews.com) മുനിസിപ്പൽ 33-ാം വാർഡ് പണിക്കോട്ടിയിലെ പൈക്കാട്ടുമല പ്രദേശത്തുകാർ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിൽ. ഒരു മാസത്തിലേറെയായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലാണ് ഇവിടത്തുകാർ.


പൈക്കാട്ടുമല ശുദ്ധജല പദ്ധതിയെ ആശ്രയിക്കുന്ന മുപ്പതിലേറെ വീട്ടുകാരാണ് കഷ്ടത്തിലായത്. പദ്ധതിയുടെ ഭാഗമായ കിണറിലെ വെള്ളം പരിശോധിച്ചപ്പോൾ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കാര്യങ്ങൾ അവതാളത്തിലായത്.
കഴിഞ്ഞ മാസമാണ് ഇത്തരമൊരു റിസൾട്ട് കിട്ടിയത്. ഇതോടെ ഈ പദ്ധതി വഴിയുള്ള കുടിവെള്ള വിതരണം നിർത്തി. പണിക്കോട്ടി ഹാഷിനഗറിലെ കിണറിൽ നിന്ന് വെള്ളം പൈക്കാട്ടുമല ടാങ്കിലേക്ക് പമ്പ് ചെയ്യ ശേഷം പൈപ്പിലൂടെ പൊതുടാപ്പ് വഴി ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതിയാണിത്.
ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടുതലായതിനാൽ വിതരണം നിർത്തുകയും കിണർ ശുദ്ധീകരിക്കുന്ന നടപടിയിലേക്ക് നീങ്ങുകയുമുണ്ടായി. ഇതു സംബന്ധിച്ച കാര്യങ്ങൾക്ക് താമസം നേരിട്ടതാണ് വീട്ടുകാരെ ദുരിതത്തിലാക്കിയത്. പ്രാഥമിക കർമം ചെയ്യാൻ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയായി. ഉയർന്ന പ്രദേശത്തുകാർ താഴെ നിന്ന് വെള്ളം ചുമന്നു കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
ഈ പ്രദേശത്ത് അച്ചാർ നിർമാണ യൂണിറ്റ് തുടങ്ങുന്നതിനു വേണ്ടി വെള്ളം പരിശോധിച്ചപ്പോഴാണ് ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയതും ഇതിനു പിന്നാലെ ശുദ്ധജലവിതരണം നിർത്തിയതും. ആഴ്ചകൾ പിന്നിട്ടിട്ടും വിതരണം പുനഃസ്ഥാപിച്ചു കിട്ടാത്തതിൽ അമർഷത്തിലാണ് നാട്ടുകാർ.
അതേസമയം പദ്ധതിയിലെ വെള്ളം കുടിക്കാൻ അനുയോജ്യമായതായും ഇതു സംബന്ധിച്ച പരിശോധനാഫലം ലഭിച്ചതിനാൽ അടുത്ത ദിവസം തന്നെ ശുദ്ധജല വിതരണം പുനരാരംഭിക്കുമെന്നും വാർഡ് കൗൺസിലർ പി.കെ.ബാലകൃഷ്ണൻ പറഞ്ഞു.
#Drinking #water #supply #stopped #residents #Paikattumala #distress