വടകര: അടക്കാതെരു ജംഗ്ഷൻ കേന്ദ്രീകരിച്ച് ഒരു വിഭാഗം ബസ് ഉടമസ്ഥ സംഘം ഓട്ടോറിക്ഷകളുടേയും ടാക്സി ജീപ്പുകളുടെയും ഫോട്ടോ എടുത്ത് നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും വാഹനങ്ങൾ തടഞ്ഞു ഡ്രൈവർമാരെ കൈയ്യേറ്റം ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.


പാരലൽ സർവീസ് തടയുക എന്ന ഉദ്ദേശ്യത്തോടെ ബസ്സുടമസ്ഥസംഘം കൂലികൊടുത്ത് നിൽപ്പിച്ചവരാണ് സംഘത്തിനു പിന്നിൽ. ഫോട്ടോ എടുക്കുന്നവരുടെ കൈയ്യേറ്റത്തിന് വിധേയരായവർ പോലീസിൽ നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.
ഇത് ഓട്ടോ-ടാക്‌സി സർവീസ് പ്രതിസന്ധിയിലാക്കുകയും തൊഴിലാളികളുടെ തൊഴിൽ ജീവിത സാഹചര്യങ്ങളെ ബാധിക്കുകയും ചെയ്യുകയാണ്. പാരലൽ സർവീസിനെതിരെ പോലീസോ ആർടിഒ ഉദ്യോഗസ്ഥരോ നടപടികൾ സ്വീകരിക്കുന്നതിന് പകരം ബസ് ഉടമസ്ഥ സംഘം നിയമം കൈയിലെടുക്കുന്നത് തെരുവിൽ സംഘർഷ സാധ്യതയും ഉണ്ടാക്കുന്നുണ്ട്.
ബസ്സുടമസ്ഥ സംഘം ഈ നടപടിയിൽ നിന്നു പിൻമാറണമെന്നും തൊഴിലെടുക്കാനുള്ള സാഹചര്യം പോലീസ് ഉണ്ടാക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകും. യോഗത്തിൽ വേണു കക്കട്ടിൽ അധ്യക്ഷനായി. രാജൻപുതുശ്ശേരി, വി.രമേശൻ എന്നിവർ സംസാരിച്ചു.
Illegal actions bus owners must end - CITU