ഓർക്കാട്ടേരി: ഒപ്പരം അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിൽ എതിരാളികളെ തകർത്ത് വനിതാവിഭാഗം ഇൻകം ടാക്‌സ് ചെന്നൈ കിരീടം നേടി. കലാശ പോരാട്ടത്തിൽ സിആർപിഎഫ് രാജസ്ഥാനെയാണ് ഇൻകം ടാക്സ് പരാജയപ്പെടുത്തിയത്. താരനിബിഡമായ ഇൻകംടാക്‌സ് ടീം നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് സിആർപിഎഫ് രാജസ്ഥാനെ തകർത്തെറിഞ്ഞു.


സ്കോർ: 25-19, 25-13, 25-21. ദേശീയ താരങ്ങളായ പൂർണിമ, അനുശ്രീ, ദേവിക ദേവരാജ് എന്നിവരുടെ മിന്നും പ്രകടനത്തിനു മുന്നിൽ സിആർപിഎഫ് മുട്ടുമടക്കുകയായിരുന്നു. ആദ്യ രണ്ട് സെറ്റുകൾ ഇൻകംടാക്‌സ് അനായാസേന സ്വന്തമാക്കിയപ്പോൾ മൂന്നാം സെറ്റിൽ സിആർപിഎഫിന്റെ ഭാഗത്ത് നിന്ന് ചില ഒറ്റപ്പെട്ട നീക്കങ്ങൾ കണ്ടു.
പക്ഷേ അവയൊന്നും അതികായരായ ഇൻകംടാക്‌സിനു മുന്നിൽ ഏശിയില്ല. വിജയികൾക്കുള്ള ഒഞ്ചിയം രക്തസാക്ഷി സ്മാരക ട്രോഫി സംഘാടക സമിതി കൺവീനർ ടി.പി.ബിനീഷ് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള അസ്സൻ ഹസീന സ്മാരക ട്രോഫി പാറക്കൽ അബ്ദുള്ള കൈമാറി.
Income Tax Chennai wins Opparam All India Volleyball Championship