വടകര: (vatakara.truevisionnews.com) മലയോര മേഖലയിലെ ജനങ്ങൾക്ക് എളുപ്പത്തിൽ താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടാൻ കഴിയുന്ന വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം ഉടൻ ആരംഭിക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോഡ് വികസനത്തിൻ്റെ ഭാഗമായി ഭൂമി വിട്ടു നൽകാൻ ഭൂവുടമകളോട് അഭ്യർഥിക്കുന്നതിൻ്റെ ഭാഗമായി നാളെ തണ്ണീർപന്തലിൽ നിന്നും വില്യാപ്പള്ളിയിലേക്ക് ബഹുജനയാത്ര നടക്കും.


നാഷണൽ ഹൈവേയെയും സംസ്ഥാനപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വടകരയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. റോഡ് 12 മീറ്ററിലാണ് വികസിപ്പിക്കുന്നത്. 15.5 കിലോമീറ്റർ വരുന്ന റോഡിലെ ഭൂരിഭാഗം ഭൂവുടമകളും സമ്മതപത്രം നൽകിയതായി എം.എൽ.എ പറഞ്ഞു.
12.8 കിലോമീറ്റർ ഭാഗത്താണ് ആദ്യഘട്ടം പ്രവൃത്തി ആരംഭിക്കുന്നത്. വടകര ടൗൺ ഭാഗത്ത് സമ്മതപത്രം ലഭിക്കാൻ വന്ന കാലതാമസമാണ് ടെന്റ്റർ നടപടികൾ വൈകുന്നത്. 58. 3 കോടി രൂപയായിരുന്ന ആദ്യം അനുവദിച്ചത് എന്നാൽ റോഡ് വികസനത്തിൻ്റ ഭാഗമായി മതിൽ പൊളിക്കുന്ന പക്ഷം സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർനിർമ്മിക്കുന്നതിനായി തുക വർദ്ധിപ്പിച്ച് 77.21 കോടിയായി.
വടകര നഗരസഭക്ക് പുറമെ പുറമേരി ആയഞ്ചേരി, നാദാപുരം പഞ്ചായത്തുകളിലൂടെയാണ് റോസ് കടന്നു പോകുന്നത് . അക്ളോത്ത് നട മുതൽ ചേലക്കാട് വരെയാണ് ഇപ്പോൾ പ്രവൃത്തി ടെണ്ടറാവുന്നത്. പദ്ധതി പൂർത്തീകരണത്തിനായി എല്ലാ ഭൂവുടമകളും സഹകരിക്കണമെന്ന് എംഎൽഎ അഭ്യർഥിച്ചു.
ഇ.കെ വിജയൻ എം.എൽ.എ വൈകിട്ട് 3 ന് തണ്ണീർ പന്തലിൽ ഉദ്ഘാടനം ചെയ്യും.ജന പ്രതിനിധികളും, രാഷ്ട്രീയ പാർടി പ്രതിനിധികളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ കെ ബിജുള ( വില്യാപ്പള്ളി ) എൻ അബ്‌ദുൾഹമീദ് (ആയഞ്ചേരി), ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല, മുണ്ടോളി രവി, സി. എച്ച് ഇബ്രാഹിം, അരീക്കൽ രാജൻ, നവാസ് കല്ലേരി എന്നിവരും പങ്കെടുത്തു
Vadakara Vilyappally Chelakkad road start soon KP Kunjhammadkutty MLA