വടകര: (vatakara.truevisionnews.com) ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ മണ്ണെടുപ്പ് തുടരുന്നത് പ്രദേശവാസികൾക്ക് ദിനംതോറും ഭീഷയാകുന്നു. മണ്ണെടുക്കാനായി വെട്ടിയ റോഡ് വീടിനു ഭീഷണിയായതായി പരാതി. രാമത്ത് മീത്തൽ മുജീബ് പണിതുകൊണ്ടിരിക്കുന്ന വീടാണ് അപകടഭീഷണിയിലായത്.


വീടിനോട് ചേർന്നാണ് ഉപ്പിലാറ മലയിലേക്ക് റോഡ് വെട്ടിയത്. ഇതോടെ വീട് നിർമാണം അവതാളത്തിലായി. റോഡിന് യാതൊരു സുരക്ഷിതത്വവിമില്ലാത്തതിനാൽ റോഡരികിൽ നിന്ന് മണ്ണ് ഇടിഞ്ഞു വീഴുകയാണ്. ഉപ്പിലാറ മലയിൽ മണ്ണെടുക്കുന്നതിന്റെ മുപ്പത് മീറ്റർ മാത്രം ദൂരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
ഭാരമേറിയ വാഹനങ്ങൾ മണ്ണ് കയറ്റി പോകുമ്പോൾ റോഡിലെ മണ്ണ് ഇടിയുന്നു. വീട് പണിയുന്നതിനു വേണ്ടി ഇറക്കിയ മെറ്റലും പൂഴിയും മണ്ണിനടിയിലായി. മഴ പെയ്തതോടെ മണ്ണും ചെളിയും വീട്ടിലേക്കെത്തുകയാണ്. മണ്ണെടുക്കുന്നവർ ദേശീയപാത നിർമാണമെന്ന പേര് പറഞ്ഞ് വായടപ്പിക്കുകയാണ്.
ദേശീയപാതയുടെ പേരിൽ ഇതുപോലുള്ള സംഭവങ്ങളോട് മുഖം തിരിച്ചു നിൽക്കുകയാണ് അധികാരികൾ. നിർമാണത്തിലിരിക്കുന്ന വീടിന് മതിയായ സുരക്ഷിതത്വം വേണമെന്നാണ് ഉപ്പിലാറ മല സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും ആവശ്യം. ഇതു സംബന്ധിച്ച് അധികൃതർ പരാതി നൽകി
House danger Road cut for soil extraction Uppilara Hill