വടകര: (vatakara.truevisionnews.com) ഇന്ത്യയിലുടനീളമുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ സ്കീം പ്രകാരം പുനർവികസിപ്പിച്ച വടകര, മാഹി, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകൾ നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു .
കഴിഞ്ഞ 11 വർഷത്തിനിടയിൽ, രാജ്യത്തെ റോഡുകൾ, റെയിൽവേകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ ആധുനികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗതയിൽ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കെ കെ രമ എം എൽ എ, ഷാഫി പറമ്പിൽ എം പി തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.


പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി സ്റ്റേഷനുകളുടെ നവീകരണത്തിനായി മൊത്തം 42.08 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ വടകര റെയിൽവേ സ്റ്റേഷനു വേണ്ടി 29.47 കോടി രൂപയും മാഹി സ്റ്റേഷനുവേണ്ടി 12.61 കോടി രൂപയും വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
അമൃത് ഭാരത് പദ്ധതിപ്രകാരം ബൃഹത്ത് വികസനമാണ് വടകരയിൽ പൂർത്തിയായത്. അത്യാധുനിക സൗകര്യങ്ങളാണ് സ്‌റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. 710 മീറ്റർ നീളമുള്ള മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. 8582 സ്ക്വയർ മീറ്റർ പാർക്കിങ് സൗകര്യമാണ് വാഹനങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്, ഇരിപ്പിടങ്ങൾ, കുടിവെള്ളം, വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി ക്യാമറകൾ, കോച്ച് പൊസിഷൻ ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയവയെല്ലാം സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് ഉൾക്കൊള്ളുന്നതിനായി രണ്ട് സ്റ്റേഷനുകളിലെയും ബുക്കിംഗ് ഓഫീസും ടിക്കറ്റിംഗ് ഏരിയകളും വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായി അധിക ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (എടിവിഎമ്മുകൾ) സ്ഥാപിച്ചിട്ടുണ്ട്.
യാത്രാനുഭവം മനോഹരമാക്കാനായി പ്രദേശത്തിന്റെ സാംസ്കാരിക സമ്പന്നതയും കലാപരമായ പൈതൃകവും പ്രതിഫലിപ്പിക്കും വിധം സ്റ്റേഷന്റെ ഉൾഭാഗങ്ങൾ പ്രാദേശിക ചുവർചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.
ആധുനിക രൂപകൽപ്പനയിൽ നവീകരിച്ച സ്റ്റേഷനുകൾ ലോകോത്തര സൗകര്യങ്ങൾ, മെച്ചപ്പെട്ട പ്രവേശനക്ഷമത, മെച്ചപ്പെട്ട യാത്രാ സുഖസൗകര്യങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നു.
പ്രതിദിനം 20,000-ത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്ന വടകര റെയിൽവേ സ്റ്റേഷനിൽ നവീകരിച്ച എസി, നോൺ-എസി കാത്തിരിപ്പ് മുറികൾ, മെച്ചപ്പെട്ട റിട്ടയറിംഗ് റൂമുകൾ, ഒരു പുതിയ എസ്കലേറ്റർ, പുനർനിർമ്മിച്ച പ്ലാറ്റ്ഫോമുകൾ (1 മുതൽ 3 വരെ), പോർച്ച് മുതൽ സ്റ്റേഷൻ വരെയുള്ള പുതിയ വാക് വേ, വിപുലീകരിച്ച ബുക്കിംഗ് ഏരിയകൾ, ലാൻഡ്‌സ്കേപ്പ് ചെയ്ത ചുറ്റുപാടുകൾ, UPVC വിൻഡോകൾ, ചുവർചിത്രങ്ങൾ, വെർട്ടിക്കൽ ഗാർഡൻ, നവീകരിച്ച ടോയ്‌ലറ്റുകൾ, സെപ്റ്റിക് ടാങ്കുകൾ, മെച്ചപ്പെട്ട പാർക്കിംഗ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പരമ്പരാഗത വാസ്തു സൗന്ദര്യശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മിതി.
Prime Minister narendramodi inaugerated Renovated Vadakara Railway Station