വടകര: (vatakara.truevisionnews.com) വടകര മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ നിശ്ചലമായിട്ട് അഞ്ച് മാസംകഴിഞ്ഞിട്ടും പുതിയ ജഡ്ജിയെ നിയമിക്കാൻ നടപടിയായില്ല. നിലവിലുള്ള ജഡ്ജി അന്വേഷണ വിധേയമായി സസ്പെൻഷനിലും വടകര എംഎസിടിയിലെ ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.
വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരും പരിക്കുപറ്റിയവരും നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ് തുടരുകയാണ്. തുടർചികിത്സക്കായി നഷ്ടപരിഹാര സംഖ്യ കാത്തിരുന്നവരുടെ ചികിത്സയും മുടങ്ങി. അയ്യായിരത്തിലേറെ കേസുകളാണ് വടകര എംഎസിടിയിൽ തീർപ്പാക്കാനുള്ളത്.


അടിയന്തര പ്രാധാന്യമുള്ള വേറേയും ധാരാളം ഹരജികളുമുണ്ട്. വടകര എൻഡിപിഎസ് ജഡ്ജിക്ക് എംഎസിടിയുടെ ചുമതലയുണ്ടെങ്കിലും എൻഡിപിഎസ് കോടതിയിൽ ധാരാളം കേസുകൾ തീർപ്പാക്കേണ്ടതിനാൽ എംഎസിടി കേസുകൾ വിചാരണ നടത്താനാകുന്നില്ല.
വടകര എംഎസിടിയുടെ ചുമതല കോഴിക്കോട്ടെ ഏതെങ്കിലും അഡീഷണൽ എംഎസിടി ജഡ്മിക്ക് നൽകിയാൽ വടകരയിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം സിറ്റിംഗ് നടത്തി അനിശ്ചിതത്വം നീക്കാവുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വടകരയിലെ സീനിയർ അഭിഭാഷകൻ ടി.ടി.ദിനേശൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, രജിസ്ട്രാർ (സബോഡിനേറ്റ് ജുഡീഷ്യറി) എന്നിവർക്ക് നിവേദനം നൽകി.
Vadakara MACT work stopped five months due absence judge