വടകര: വടകരയുടെ വ്യാപാര കേന്ദ്രമായിരുന്ന താഴെ അങ്ങാടിയുടെ വികസനം ലക്ഷ്യമിട്ട് പൈതൃക പദ്ധതിക്ക് തുടക്കമാവുന്നു. 26 ന് കെ.കെ.രമ എംഎൽഎ പദ്ധതിക്ക് തറക്കല്ലിടും. കേന്ദ്ര സർക്കാറിന്റെ സ്വദേശ് ദർശനിൽ ഉൾപ്പെടുത്തി 25 കോടി രൂപ അനുവദിച്ച തലശ്ശേരി പൈതൃക ടൂറിസം പ്രൊജക്ടിന്റെ ഭാഗമായാണ് താഴെഅങ്ങാടയിൽ പദ്ധതി നടപ്പാക്കുന്നത്.
1.46 കോടി രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുക. താഴെഅങ്ങാടിയുടെ ഹൃദയമായ മനാർ ജംഗ്ഷൻ മുതൽ ബീച്ച് വരെ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. ഗതാഗത സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് വീതി കൂട്ടി വിളക്കുകാൽ സ്ഥാപിച്ച് പ്രദേശം മനോഹരമാക്കും. ആറു മീറ്റർ റോഡും ഒരു മീറ്റർ നടപ്പാതയും യാഥാർഥ്യമാക്കും.


ഏറ്റവും തിരക്കേറിയ തുറമുഖ പട്ടണമായിരുന്ന താഴെഅങ്ങാടിയിലെ പൗരാണിക ഇടങ്ങൾ അതേപടി സംരക്ഷിച്ച് വികസനം നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കടൽ മാർഗമുള്ള വ്യാപാരം നിലച്ചതോടെ പഴയ കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളും ഓർമകൾ മാത്രമായി. ഇവിടെയാണ് പുതിയ പൈതൃക പദ്ധതി വരുന്നത്.
പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയതിനു പിന്നാലെ ടെണ്ടർ നടപടികളും പൂർത്തിയാക്കി. കേരള ടൂറിസം വകുപ്പും കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും സമർപ്പിച്ച പദ്ധതി കേന്ദ്ര സ്വദേശ് ദർശൻ 2.0ൽ ഉൾപ്പെടുത്തിയാണ് യാഥാർഥ്യമാക്കുന്നത്.
ഒന്നാം ഘട്ടത്തിൽ ലോകനാർകാവ് ക്ഷേത്രം പ്രവൃത്തി നടത്തിയിരുന്നു. താഴെ അങ്ങാടി പൈതൃക പ്രവൃത്തി ഈ വർഷം ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Foundation stone laying 26th Heritage project aiming development Vadakara Thazhe Angadi