വടകര: ഏറാമല നിവാസികളുടെ ചിരകാലസ്വപ്‌നവും ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതയുള്ളതുമായ ഏറാമല തുരുത്തിയിലെ പാലം നിര്‍മാണത്തില്‍ വടകര മണ്ഡലത്തെ മാത്രം അവഗണിച്ചതിനെതിരെ കെ.കെ രമ എം.എല്‍.എയുടെ സബ്മിഷന്‍. നാദാപുരം മണ്ഡലത്തിലെ എടച്ചേരി, കൂത്തുപറമ്പ് മണ്ഡലത്തിലെ കിടഞ്ഞി എന്നിവയും തുരുത്തിമുക്കും ബന്ധിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ 'വൈ' മോഡല്‍ പാലം എന്ന പദ്ധതി അട്ടിമറിച്ചു.


എടച്ചേരിയേയും കിടഞ്ഞിയേയും മാത്രം ബന്ധിപ്പിക്കുന്ന നേര്‍പാലമായി ഈ പദ്ധതിയെ പരിമിതിപ്പെടുത്തുകയാണെന്ന് കെ കെ രമ പറഞ്ഞു. നടുതുരുത്തി, ഏറാമലകോട്ട, മാഹിവളപട്ടണം ജലഗതാഗതപാത, ഇതോടനുബന്ധിച്ചുവരുന്ന ബോട്ട്‌ജെട്ടി, കരിയാട്, കിടഞ്ഞി ഭഗങ്ങളിലെത്തുന്ന തീരദേശ ഹൈവേ എന്നിവ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തുറക്കുന്നതാണെന്ന് സബ്മിഷനില്‍ പറഞ്ഞു.
2016ല്‍ ഇവിടെ എടച്ചേരി, ഏറാമല, കിടഞ്ഞി തീരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 'വൈ' ആകൃതിയിലുള്ള പാലത്തിന് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് മാറ്റി എടച്ചേരിയും കിടഞ്ഞിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പാലമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. വടകര മണ്ഡലത്തെ മാത്രം ഒഴിവാക്കി ഈ പദ്ധതി നടപ്പിലാകുന്നതോടെ ഏറാമലയിലെ ജനങ്ങള്‍ക്ക് കടത്തുതോണി മാത്രമാകും യാത്രയ്ക്ക് ആശ്രയം.
റോഡ് മാര്‍ഗം ഉപയോഗിക്കുകയാണെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. മാത്രമല്ല വടകര മാണ്ഡലത്തിന്റെ ടൂറിസം സാധ്യതകളെകൂടെ ഹനിക്കുന്ന രീതിയിലാണ് പദ്ധതി വന്നിരിക്കുന്നത്. അതിനാല്‍ പൊതുമരാമത്തുടൂറിസം മന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഇതില്‍ പതിയണമെന്നും മന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും കെ.കെ രമ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 2016ലെ പദ്ധതി നടപ്പിലാക്കാത്തതിനു കാരണം ഉള്‍നാടന്‍ ജലഗതാഗതത്തിന് 'വൈ' മോഡല്‍ പാലം തടസമാകുമെന്നും ഇതിനുള്ള വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ ക്ലിയറന്‍സ് ലഭിക്കില്ലെന്നും കണ്ടെത്തിയതിനാലാണെന്ന് മന്ത്രി മറുപടിയില്‍ പറഞ്ഞു.
അന്നത്തെ പൊതുമരാമത്ത്, ആരോഗ്യവകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് എടച്ചേരിയില്‍ നിന്നും കരിയാടേക്കുള്ള പാലം പ്രവര്‍ത്തികമാക്കാമെന്ന് തീരുമാനിച്ചത്. അതനുസരിച്ചാണ് പണി പുരോഗമിക്കുന്നത്. ഏറാമലയെയും എടച്ചേരിയെയും ബന്ധിപ്പിക്കുന്ന മറ്റൊരു നേര്‍പാലത്തിന്റെ സാധ്യതകള്‍ പരിശോധിക്കാമെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
KK RAMA SUBMISION IN ASSEMBELY - THURITHHIMUKKU PALAM BERIDEGE