വടകര : കഴിഞ്ഞ മൂന്നുവര്‍ഷമായി വടകരയില്‍ അതിതീവ്ര മഴ രേഖപ്പെടുത്തുകയാണ്. വടകരയിലെ മഴമാപിനി പറയും മഴക്കണക്ക്. കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ തിരുവനന്തപുരം സെന്ററിനുകീഴില്‍ വരുന്ന വടകരയിലെ മഴമാപിനിയുള്ളത് പുതുപ്പണത്ത് കുറ്റ്യാടി ജലസേചനപദ്ധതിയുടെ സ്ഥലത്താണ്.
മാന്വല്‍ റെയിന്‍ കേജ് ആണ് ഇവിടെയുള്ളത്. മഴയുടെ അളവുരേഖപ്പെടുത്തി അയച്ചുകൊടുക്കുന്ന ചുമതലയാണ് ജലസേചനപദ്ധതിയുടെ ഓഫീസ് നിര്‍വഹിക്കുന്നത്. വടകരയില്‍ പെയ്യുന്ന മഴയുടെ അളവ് എത്രയാണെന്ന് രേഖപ്പെടുത്താന്‍ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴയുടെ തോത് അതത് ദിവസം തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തില്‍ അറിയിക്കും.


ഒരുപ്രദേശത്ത് ഒരു നിശ്ചിതസമയത്തിനുള്ളില്‍ എത്രമാത്രം അളവ് മഴ ലഭിച്ചുവെന്നത് അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ് മഴമാപിനി. ഒരു നിശ്ചിത വായ് വട്ടമുള്ള ഒരു ഫണലും അതിനടിയില്‍ മഴവെള്ളം ശേഖരിക്കാനായി ഘടിപ്പിച്ചിരിക്കുന്ന ഒരു കുഴല്‍പ്പാത്രവുമാണ് മഴമാപിനിയുടെ പ്രധാന ഭാഗങ്ങള്‍. ഇതില്‍ ശേഖരിക്കപ്പെടുന്ന മഴവെള്ളം മെഷറിങ് ജാറിലേക്ക് മാറ്റിയാണ് അളവുകണ്ടെത്തുന്നത്. പഴയരീതിയാണിത് എന്നതുകൊണ്ട് കൂടുതല്‍ കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ഓട്ടോമാറ്റിക് റെയിന്‍ കേജുകളാണ് കൂടുതല്‍ അഭികാമ്യം.
പുതുപ്പണത്ത് ഓട്ടോമേറ്റിക് റെയിന്‍ കേജ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കാലാവസ്ഥാവകുപ്പ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് വടകരയ്ക്കുപുറമേ മാനന്തവാടിയിലും പീരുമേട്ടിലും മാത്രമാണ് തുടര്‍ച്ചയായി മൂന്നുവര്‍ഷം അതിതീവ്ര മഴ രേഖപ്പെടുത്തിയത്.
Vadakara has been receiving heavy rains for the last three years.