വടകര: പ്രസിദ്ധമായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രോത്സവം ഡിസംബർ 18 മുതൽ 24 വരെ സമുചിതമായി ആഘോഷിക്കും. ഉത്സവത്തിന്റെ ഒരുക്കം ഏതാണ്ട് പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൊടിയേറ്റം 22നും, പ്രധാന ഉത്സവം 23നും നടക്കും. 18 മുതൽ വിവിധ ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
18നു വൈകുന്നേരം മൂന്നിനു കല്ലേരി ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കും. 2020,2021,2022 വർഷങ്ങളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച എം.ജെ.എച്ച്.എസ് എസ് വില്യാപ്പള്ളി, ആർ എ സി എച്ച് എസ് എസ് കടമേരി, കെ ആർ എച്ച്എസ്എസ് പുറമേരി, മറ്റു സ്കൂളുകളിൽ പഠിക്കുന്ന പൊൻമേരി വില്ലേജിലെ കുട്ടികൾക്ക് കേഷ് അവാർഡും, മൊമെന്റോയും നൽകും.
ഈ വർഷം പൊന്മേരി എൽപി, പൊന്മേരി വെസ്റ്റ് എൽ പി, പൊന്മേരി എം എൽ പി, പറമ്പിൽ ഗവ: യു.പി, പറമ്പിൽ എൽ പി, കക്കുന്നത് എംഎൽപി എന്നീ വിദ്യാലയങ്ങളിലെ എൽഎസ്എസ്, യുഎസ്എസ് ജേതാക്കൾക്കും കേഷ് അവാർഡും മൊമെന്റേയും നൽകും. ഡോ: പി. ജ്യോതികുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലും അവാർഡ് നൽകാൻ സാധിച്ചിരുന്നില്ല. ഈ കൊല്ലത്തെ ഉൾപ്പെടെ മൂന്ന് അവാർഡ് നൽകും. മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ നിന്ന് ലഭിച്ച അഡ്രസ്സിൽ കത്തയച്ചിട്ടുണ്ട്.
18ന് രാത്രി 7നു ചെമ്മരത്തൂർ പുരുഷ വനിതാ രാജസൂയം കോൽക്കളി സംഘം അവതരിപ്പിക്കുന്ന കോൽക്കളി, 19ന് വൈകുന്നേരം 6. 15ന് ജാനു ക്രിയേഷൻസിന്റെ ജാനു തമാശകൾ, രാത്രി എട്ടിനു വിന്നർ വോയിസ് പൊയിൽപാറയുടെ വിന്നർ നൈറ്റ്-2022. 20ന് വൈകുന്നേരം 6 15ന് സപ്തസ്വര വടകരയുടെ ഭക്തികീർത്തനങ്ങൾ, രാത്രി എട്ടിന് ആർട്സ് കല്ലേരിയുടെ ആർട്സ് വിഷൻ 2022, 21ന് വൈകുന്നേരം അഞ്ചുമണിക്ക് വടകര അക്ഷരശ്ലോക പരിഷത്തിന്റെ അക്ഷരശ്ലോക സദസ്സ്, രാത്രി 8 ന് കല്ലേരി നിരഞ്ജന കലാസാംസ്കാരിക സന്നദ്ധ വേദിയുടെ നിരഞ്ജന സ്റ്റാർ നൈറ്റ് 2023. 22ന് രാത്രി 9. 30ന് സിറ്റിസൺ വോയിസ് കല്ലേരിയുടെ ഡാൻസ് നൈറ്റ്, 23ന് രാത്രി രണ്ടുമണിക്ക് കോഴിക്കോട് നാടക സഭയുടെ നാടകം പച്ചമാങ്ങ എന്നിവ അരങ്ങേറും. 24ന് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ് എന്നും സംഘാടകർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് അശോകൻ കെ എം, സെക്രട്ടറി രാജൻ മലയിൽ, ട്രഷറർ സദാനന്ദൻ മണിയോത്ത്, ദാമോദരൻ ടിപി, മനോജ് പിലാവുള്ളതിൽ, ദാമോദരൻ എം കെ, ബാബു ടി കെ പങ്കെടുത്തു.
Festival days; Kalleri Kuttichathan Temple Festival from 18