അഴിയൂർ:ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ആരെന്നറിയാൻ വിസിറ്റിംഗ് സംഘം അഴിയൂരിലെത്തി. ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ ജൈവവൈവിധ്യ ബോർഡിന്റെ ജൂറി കമ്മിറ്റി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി. ഡോക്ടർ എ കെ ഗുപ്ത IFS Rtd.
ചെയർമാൻ ആയ ജൂറി കമ്മിറ്റിയാണ് അഴിയൂരിൽ എത്തിയത് ,ജൂറി മെമ്പർ എ കെ ജോഹരി IFS Rtd എന്നിവരും കൂടെയുണ്ടായി. ജൈവവൈവിധ്യ പരിപാലനരംഗത്ത് അഴിയൂർ ഗ്രാമപഞ്ചായത്ത് നടത്തിയ മികച്ച ഇടപെടലുകളുടെയും നൂതന പദ്ധതികളുടെയും അടിസ്ഥാനത്തിൽ 2022 ലെ മികച്ച ദേശീയ ബിഎംസികൾക്കുള്ള അവാർഡിനായി പഞ്ചായത്ത് അപേക്ഷിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം വിസിറ്റ് ചെയ്തത്. പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനം, കുടിനീർ തെളിനീർ, മുത്തശ്ശിയോട് ചോദിക്കാം, തീരത്തണൽ പദ്ധതി, ഔഷധ ചെടി വിതരണം, കിണർ വെള്ളം പരിശോധന, കോഴി മാലിന്യനിർമാർജന പദ്ധതി, ഫിലമെന്റ് രഹിത ഗ്രാമം എന്നീ പദ്ധതികളുടെ വിശദാംശങ്ങൾ സംഘം നേരിട്ടു മനസ്സിലാക്കി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് റിസർച്ച് ഓഫീസർ ഡോ: കെ ശ്രീധരൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ കെ പി മഞ്ജു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന പരിശോധന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ് കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ പവർ പോയിന്റ് അവതരണം നടത്തി. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം, രമ്യ കരോടി, അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി ഇ.അരുൺകുമാർ സംസാരിച്ചു.
തുടർന്ന് സംഘം പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ്, കണ്ടൽ വനം പ്രദേശം, തീര തണൽ പദ്ധതി പ്രദേശം, ചോമ്പാൽ കല്ലുപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, പ്രൊജക്റ്റ് അസിസ്റ്റന്റ് കെ കെ സഫീർ, ബയോഡൈവേഴ്സിറ്റി കൺവീനർ പി കെ പ്രകാശൻ, മറ്റ് ബിഎംസി അംഗങ്ങൾ, ജലമിത്രങ്ങൾ, ഔഷധ മിത്രങ്ങൾ, തീര മിത്രങ്ങൾ, ഊർജ്ജ മിത്രങ്ങൾ, എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. ഇന്ത്യയിൽ ആകെ 323 അവാർഡ് അപേക്ഷകളിൽ കേരളത്തിൽ ദേശീയ ജൈവവൈവിധ്യ ബോർഡിന്റെ അവാർഡിന് അഴിയൂർ ഗ്രാമപഞ്ചായത്ത് മാത്രമാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപെട്ടിട്ടുള്ളത്
the visit; National Biodiversity Board at Azhiyur