അഴിയൂർ: ലഹരി മാഫിയുമായി ബന്ധപ്പെട്ട വീഴ്ചകൾ പരിശോധിക്കുവാനായി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി മാതാവ്. സ്കൂൾ അധികൃതർ,പിടിഎ,പൊലീസ് എന്നിവരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയും അലം ഭാവവും അന്വേഷിക്കുന്നതിനാണ് മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.
പന്ത്രണ്ട് വയസുകാരിയായ സ്വന്തം മകൾക്ക് മാരക ലഹരിനൽകി പ്രലോഭിപ്പിച്ച് കാരിയറായി ഉപയോഗിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ,പിടിഎ,പൊലീസ് എന്നിവരുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചകൾ സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന്റെ കോഴിക്കോട് കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിലാണ് പരാതി സമർപ്പിച്ചത്.
നവംബർ 24ന് നടന്ന സംഭവത്തിൽ സ്കൂൾ അധികൃതരും പിടിഎയും എട്ട് ദിവസത്തോളം ഒന്നും ചെയ്തില്ലെന്ന് സമർപ്പിച്ച പരാതിയിൽ പറയുന്നു. 24ന് സ്കൂളിലെത്തിയ മാതാവിനോട് പുറത്ത് പറയേണ്ടെന്നും പിടിഎ വിളിച്ച് ചർച്ച ചെയ്യാമെന്നാണ് ഹെഡ് ടീച്ചറും സ്കൂൾ കൗൺസിലറും പറഞ്ഞത്.
അന്നത്തെ പിടിഎ പ്രസിഡണ്ടിനോട് 25ന് തന്നെ ബന്ധുക്കൾ ഫോണിൽ കൂടി സംഭവം പറയുകയും ചെയ്തിരുന്നു. എന്നാൽ രേഖാമൂലം ഒരു പരാതി പോലും നൽകാൻ തയാറായില്ല. പൊലീസും തികഞ്ഞ അലംഭാവമാണ് അന്വേഷണത്തിൽ കാണിക്കുന്നത്.
നിലവിലെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ആയതിനാൽ ഉന്നതതല അന്വേഷണം വേണമെന്നു പരാതിയിൽ പറയുന്നു. പോലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചുവെന്നും അന്തിമ റിപ്പോർട്ടിന് ശേഷം കൂടുതൽ അന്വേഷണം പരിഗണിക്കാമെന്ന് കമ്മിഷൻ പറഞ്ഞു. കേസ് അടുത്തമാസം 21ന് വീണ്ടും പരിഗണിക്കും.
Drug mafia; The mother filed a complaint with the Human Rights Commission