അഴിയൂർ: വൃദ്ധനായ കർഷകന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ് സാമൂഹ്യ ദ്രോഹികൾ. ഒരു പ്രകോപനവുമില്ലാതെ 64 തെങ്ങിൻ തൈകളാണ് വെട്ടിനശിപ്പിച്ചത്. കർഷകന്റെ സ്വപ്‌നങ്ങൾ വെട്ടിനിരത്തിയ സാമൂഹ്യ വിരുദ്ധ സംഘത്തിനെതിരെ പ്രതിഷേധവും ശക്തമായി.അഴിയൂർ കോറോത്ത് റോഡ് കുന്നത്ത് താഴെ ജി പി പ്രകാശന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലത്താണ് അഞ്ച് വർഷം പ്രായമുള്ള 64 തെങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുതിയ ഇനം കുള്ളൻ തെങ്ങുകളാണ് കട്ടിംഗ് യന്ത്രം ഉപയോഗിച്ച് മുറിച്ചിട്ടത്. ശബ്ദമില്ലാത്ത പുതിയതരം കട്ടിങ് യന്ത്രമാണ് ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. കാർഷിക വിളകളോടുള്ള ക്രൂരതയിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് അഴിയൂർ ഗ്രാമം. ആർ.എം.പി.ഐ നേതാവ് മോനാച്ചി ഭാസ്കരന്റെ മരുമകനാണ് പ്രകാശൻ. രാഷ്ട്രീയ വൈരാഗ്യമായിരിക്കാം കാരണമെന്ന് ഭാസ്കരൻ പറഞ്ഞു.
കിഴക്കൻ മലയോര മേഖലകളിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വിളകൾ നശിപ്പിക്കന്നത് നിത്യ സംഭവമാണ്. എന്നാൽ ഇത്തരം രീതി അഴിയൂർ മേഖലയിലും എത്തിയത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഴിയൂർ കോറോത്ത് റോഡിൽ തെങ്ങുകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
extreme cruelty; The heads of the coconut saplings were cut off