അഴിയൂർ: ലഹരി മാഫിയയുടെ അതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിയോട് അധ്യാപിക മോശമായി സംസാരിച്ചതായി ആരോപണം. വിദ്യാർത്ഥിനിയെ ചേർത്തുപിടിക്കണമെന്നും എല്ലാവിധ പിന്തുണയും നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമുള്ള കൗൺസിലിംഗ് നടക്കുന്നതിനിടയിലും വിദ്യാർത്ഥിനി സ്കൂളിൽ പോവാറുണ്ട്. എന്നാൽ വിദ്യാർത്ഥിനിയോട് കഴിഞ്ഞ ദിവസം ഒരു അധ്യാപിക 'എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കി വെച്ചിട്ട് വീണ്ടും ഉളുപ്പില്ലാതെ സ്കൂളിൽ വന്നിരിക്കുന്നു'.
എന്ന തരത്തിൽ ദേഷ്യപ്പെട്ട് സംസാരിച്ചു എന്നാണ് പരാതി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ പ്രധാന അധ്യാപികയ്ക്ക് പരാതി നൽകി.
പരാതിയുടെ കോപ്പി വടകര ഡിഇഒ, പിടിഎ എന്നിവർക്കും കൈമാറും. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലഹരി മാഫിയ വിഷയം 10 ദിവസത്തോളം മറച്ച് വെച്ചത് സംബന്ധിച്ച് പിടിഎയുടേയും അധ്യാപകരുടേയും സ്കൂൾ കൗൺസിലറുടേയും നടപടിക്കെതിതിരെ രക്ഷിതാക്കളും നാട്ടുകാരിലും വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നിരുന്നത്.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ ചില കേന്ദ്രങ്ങൾ ലഹരി മാഫിയക്കനുകൂലമായി നിലപാട് സ്വീകരിക്കുന്നതിനെതിരെ വിദ്യാർത്ഥിനിയുടെ മാതാവ് തന്നെ പരാതി നൽകിയിട്ടുണ്ട്.
Misbehavior with female student; The ward member lodged a complaint against the teacher